യുവാവിനെ ആക്രമിച്ച് ഫോണും പണവും കവർന്നു; മൂന്നു പേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരത്തിൽനിന്ന് യുവാവിനെ ആക്രമിച്ച് വിലപിടിപ്പുള്ള ഫോണും 3000 രൂപയും കവർന്ന കേസിൽ മൂന്നു പേരെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂർ ഇട്ടമ്മൽ റഹ്മത്ത് മൻസിലിൽ ബി.എം. മുഹമ്മദലിയാണ് കവർച്ചക്കിരയായത്.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ടൗണിലെ മൗലവി ബുക്ക് സ്റ്റാളിനു മുന്നിൽ സുഹൃത്തിെന്റ കാറിൽ ഇരിക്കുകയായിരുന്ന മുഹമ്മദലിയെ കാറിൽ വന്ന പരിചയക്കാരായ നസീർ, തൗസീഫ്, സലാം എന്നിവർ കാറിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച് 25,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 3000 രൂപയും തട്ടിപ്പറിച്ചുവെന്നാണ് പരാതി.
ഒച്ചവെച്ചാൽ കുടുംബത്തോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം കാറിൽ കയറി നീലേശ്വരം ഭാഗത്തേക്ക് ഓടിച്ചുപോകുമ്പോൾ ഒരു മൊബൈൽ നമ്പർ കടലാസിൽ എഴുതിനൽകി ഇതിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ഉടൻതന്നെ മുഹമ്മദലി ഹോസ്ദുർഗ് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് കേസെടുത്ത് നിമിഷങ്ങൾക്കകംതന്നെ പ്രതികളെ തൃക്കരിപ്പൂർ ഓരിമൂക്കിൽനിന്ന് പൊലീസ് പിടികൂടി. കാറും കസ്റ്റഡിലെടുത്തു.
ഏഴാംമൈൽ കായലടുക്കത്ത തൗഫീഖ്, വലിയപറമ്പിലെ നിസാർ, ആവിക്കര സലാം എന്നിവരെയാണ് ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് അറസ്റ്റ് ചെയ്തത്. മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി. മൂന്നു പേരും നിരവധി മോഷണ-പിടിച്ചുപറി കേസിലെ പ്രതികളാണ്. അന്വേഷണ സംഘത്തിൽ അബൂബക്കർ കല്ലായി, കമ്മാൽ കുമാർ, കെ.ടി. ഷാജൻ, സജിത് കുമാർ, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.