കുട്ടികളെ ചേർത്തുപിടിച്ച് ഹജ്ജബ്ബ
text_fieldsകാഞ്ഞങ്ങാട്: നാരായണൻ മാസ്റ്ററുടെ യാത്രയയപ്പിനായി മുക്കൂട് സ്കൂളിൽ എത്തിയ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ കുട്ടികളെ ചേർത്തുപിടിച്ചും കെട്ടിപ്പിടിച്ചും മുക്കൂട് എന്ന ഗ്രാമത്തിലെ മനസ്സിൽ ഇടംപിടിച്ചു. മുക്കൂട് ഗവ. എൽ.പി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന പ്രഥമാധ്യാപകൻ ഒയോളം നാരായണനുള്ള യാത്രയയപ്പ് ചടങ്ങാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായത്. തുടർന്ന് നാടിനെ സാക്ഷിയാക്കി ഹജ്ജബ്ബ ഒയോളം നാരായണന് പുരസ്കാരസമർപ്പണം നടത്തി.
സ്കൂളിന്റെ സ്നേഹസമ്മാനം പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം ഹജ്ജബ്ബക്ക് കൈമാറി. പൊതുസമ്മേളനം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത തന്നെ പോലെ ആവരുത് പുതുതലമുറ എന്നാശിച്ച് നാരങ്ങ വിറ്റു കിട്ടിയ വരുമാനത്തിൽനിന്നുള്ള കൊച്ചുവിഹിതം കൊണ്ട് ഒരു വിദ്യാലയം തന്നെ ഹജ്ജബ്ബ ഉണ്ടാക്കി.
അങ്ങനെയാണ് രാജ്യം നൽകുന്ന ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഈ മംഗളൂരു സ്വദേശിയെ തേടിയെത്തിയത്. തനിക്ക് ലഭിക്കാതെപോയ ഒരു വിലപ്പെട്ട സംഗതിയാണ് ലോകത്തിലെ ഏറ്റവും വിലപ്പെട്ടതെന്ന തിരിച്ചറിവാണ് ജീവിതം ആ വഴിക്ക് മാറ്റിവെക്കാൻ ഹജ്ജബ്ബയെ പ്രേരിപ്പിച്ചത്. ഭാവിതലമുറക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്നസന്ദേശം മുക്കൂടിലെ നാട്ടുകാരുമായും ഹജ്ജബ്ബ പങ്കുവെച്ചു. എ. കൃഷ്ണൻ, ശകുന്തള, രാജേന്ദ്രൻ കോളിക്കര, ബഷീർ കല്ലിങ്കാൽ, എ. തമ്പാൻ, ഹമീദ് മുക്കൂട്, എം. മൂസാൻ, സൗമ്യ ശശി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.