ഏഴു വർഷത്തെ പോരാട്ടം; മടിക്കൈയിലേക്കുള്ള ബസ് ചാര്‍ജ് കുറച്ചു
text_fieldsകാഞ്ഞങ്ങാട്: ഏഴു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ മടിക്കൈയിലേക്കുള്ള ബസ് ചാര്‍ജ് കുറച്ചു. ഏപ്രിൽ 29ന് ചേര്‍ന്ന ആര്‍.ടി.എ യോഗത്തിന്റെ തീരുമാനമാണ് ഇപ്പോൾ പുറത്തുവന്നത്. കാഞ്ഞങ്ങാടുനിന്ന് മുണ്ടോട്ട് വഴി കാഞ്ഞിരപ്പൊയിൽ വരെ ഓടുന്ന ബസിന് പൂത്തക്കാൽ ഫെയര്‍ സ്റ്റേജ് ഉണ്ടാകില്ല. ഇതോടെ കാഞ്ഞിരപ്പൊയിൽ വരെയുള്ള നാലുകിലോമീറ്റര്‍ ദൂരത്തെ യാത്രക്കാര്‍ക്ക് ചെലവു കുറയും. കാരാക്കോട് റൂട്ടിൽ രണ്ട് ഫെയര്‍സ്റ്റേജുകളാണ് ഒറ്റയടിക്ക് കുറച്ചത്.
പൂത്തക്കാലിന് പുറമേ വെള്ളച്ചേരി പാലം സ്റ്റേജും കൂടി ഒഴിവാക്കിയതോടെ കാരാക്കോട് കാഞ്ഞങ്ങാട് റൂട്ടിൽ 25 രൂപയാകും. അപാകതയെ തുടര്‍ന്ന് നിലവിൽ 30 രൂപ ഈടാക്കാമായിരുന്നെങ്കിലും ബസുടമകൾ 28 രൂപയേ വാങ്ങിയിരുന്നുള്ളൂ.
23 രൂപ വാങ്ങേണ്ട ദൂരമാണെങ്കിലും മൂന്ന് സ്റ്റേജുകൾ കുറക്കേണ്ടെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഫെയര്‍സ്റ്റേജുകൾ തമ്മിൽ രണ്ടര കിലോ മീറ്റര്‍ അകലം വേണമെന്നിരിക്കെ കാരാക്കോട് കാഞ്ഞങ്ങാട് റൂട്ടിൽ തുടര്‍ച്ചയായ നാലു സ്റ്റേജുകൾ തമ്മിൽ ഓരോ കിലോമീറ്റര്‍ മാത്രമായിരുന്നു അകലം. ഇതോടെയാണ് ജനങ്ങൾ പരാതിയുമായി ഇറങ്ങിയത്. അരനൂറ്റാണ്ട് മുമ്പ് ടാര്‍ ചെയ്യാത്ത റോഡിലാണ് 14 കിലോമീറ്ററിന് 22.5 കിലോമീറ്ററിന്റെ നിരക്ക് നിശ്ചയിച്ചത്. മെക്കാഡം ടാര്‍ ചെയ്ത സ്ഥിതിക്ക് ഇനിയിത് വേണ്ടെന്നായിരുന്നു നാട്ടുകാരുടെ വാദം.
കാഞ്ഞിരപ്പൊയിൽ കാഞ്ഞങ്ങാട് റൂട്ടിലെ ഫെയര്‍സ്റ്റേജ് അപാകത പരിഹരിക്കാൻ അധികൃതര്‍ മടിച്ചതോടെ പരാതി വിജിലൻസിലുമെത്തി. വിജിലൻസ് ശിപാര്‍ശയിലും ബസുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നടപടി ഏഴു വര്‍ഷം വൈകിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം കലക്ടറായിരുന്ന ഡി. സജിത് ബാബു ഇടപെട്ട് സബ് കമ്മിറ്റി രൂപവത്കരിച്ചാണ് സ്റ്റേജ് പരിഷ്കരണത്തിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.