സ്നേഹവീട് പത്തു വയസ്സിന്റെ നിറവിൽ
text_fieldsകാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതരായ നൂറോളം കുരുന്നുകൾക്ക് സ്നേഹത്തണലൊരുക്കുന്ന അമ്പലത്തറ സ്നേഹവീട് ഇന്ന് പത്തുവർഷത്തിന്റെ നിറവിൽ. എൻഡോസൾഫാൻ വിതച്ച ദുരന്തത്തിന്റെ നേർചിത്രമായി വർഷങ്ങളോളം ദുരിതമനുഭവിക്കുന്നവരുടെ ആശ്രയകേന്ദ്രമാണ് സ്നേഹവീട്.
2014 ലാണ് സ്നേഹവീടിന്റെ പ്രവർത്തനം തുടങ്ങുന്നത്. എൻമകജെ വാണിനഗറിലെ ശീലാബതിയുടെയും പ്രായമായ അമ്മ ദേവകിയുടെയും ദുരിതജീവിതം കണ്ടുള്ള വേദനയിൽനിന്ന് മനുഷ്യസ്നേഹികളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്റെയും മുനീസ അമ്പലത്തറയുടെയും ആശയമാണ് ഇന്ന് വളർന്നുപന്തലിച്ച് ആഘോഷനിറവിൽ പൂത്തുനിൽക്കുന്ന അമ്പലത്തറയിലെ സ്നേഹവീട്.
ഉദാരമതികൾ കൈകോർത്താൽ ഇത്തരം നന്മകൾ ചെയ്യാൻ പ്രയാസമില്ലെന്ന് സ്നേഹവീട് ബോധ്യപ്പെടുത്തും. 4000 രൂപ പ്രതിമാസ വാടകക്ക് അമ്പലത്തറയിൽ വാടക ക്വാർട്ടേഴ്സിലായിരുന്നു ആദ്യ പ്രവർത്തനം. ആദ്യദിവസം ദുരിതബാധിതരായ മൂന്ന് കുട്ടികളെത്തി. പിന്നീട് സ്നേഹവീട്ടിൽ എത്തിയ കുട്ടികളുടെ എണ്ണം 60 ആയി.
കെട്ടിടം മതിയായ സൗകര്യമില്ലാതെ വന്നു. നിലവിലെ കെട്ടിടത്തോടു ചേർന്ന് രണ്ടാമത്തെ കെട്ടിടനിർമാണം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ നിർമാണത്തിന് തയാറായി നെഹ്റു കോളജ് എൻ.എസ്.എസ് യൂനിറ്റ് രംഗത്തുവന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും നടൻ കുഞ്ചാക്കോ ബോബന്റെ സ്ത്രീ ക്ലബ് ഉൾപ്പെടെ സഹായത്തിന് തയാറായി.
ഇതോടെ ഇവിടെ രണ്ടാമതൊരു കെട്ടിടം കൂടി യാഥാർഥ്യമായി.അമ്പലത്തറയിലെ കസ്തൂർബാ മഹിളസമാജം 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാടിന്റെ നേതൃത്വത്തിൽ നെഹ്റു കോളജ് സാഹിത്യവേദി ബഹുനില കെട്ടിടത്തിന്റെ നിർമാണച്ചുമതല ഏറ്റെടുത്തു.
സുരേഷ് ഗോപി തറക്കല്ലിട്ട സ്നേഹവീട് ഉദ്ഘാടനം ചെയ്തത് മന്ത്രിയായിരിക്കെ ഇ. ചന്ദ്രശേഖരനാണ്. 15 ജീവനക്കാരും മൂന്ന് വാഹനങ്ങളും ഇന്ന് സ്ഥാപനത്തിനുണ്ട്. 85 കുട്ടികളെത്തുന്ന സ്നേഹവീട്ടിൽ വിവിധ തെറപ്പി സൗകര്യങ്ങളുണ്ട്. തെറപ്പി സ്പെഷലിസ്റ്റ് വിഭാഗങ്ങളിലായി 15 പേരുടെ സേവനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.