വാഹന പരിശോധനക്കിടെ എസ്.ഐയെ ആക്രമിച്ചു; 13 പേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: വാഹന പരിശോധനക്കിടെ എസ്.ഐയെ ആക്രമിച്ച് പൊലീസ് ജീപ്പിന്റെ താക്കോൽ ഊരിയെടുക്കുകയും ജീപ്പിന് കേടുപാടുവരുത്തുകയും ചെയ്തു. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബാവ അക്കരക്കാനുനേരെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് കല്ലൂരാവിയിൽ അക്രമമുണ്ടായത്.
പത്തംഗ സംഘം പൊലീസ് ജീപ്പ് വളഞ്ഞ് എസ്.ഐയുടെ കൈപിടിച്ച് തിരിക്കുകയും ജീപ്പ് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ എസ്.ഐയും ഹെഡ്കോണ്‍സ്റ്റബിള്‍ മധുസൂദനനും ഡ്രൈവര്‍ അജയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസിനെ ആക്രമിക്കുന്നതറിഞ്ഞ് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
വാഹന പരിശോധനക്കിടയില്‍, അമിത വേഗതയില്‍ വരുകയായിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിക്കുമ്പോള്‍ യുവാവിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അക്രമമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന കല്ലൂരാവിയിലെ ഷെമീമാണ് എസ്.ഐയെ കൈയേറ്റം ചെയ്തത്.
ബൈക്കിന്റെ ആര്.സി ഉടമ മുഹമ്മദ്, സുഹൃത്ത് നൗഫല്‍, കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേര് എന്നിവര്‍ ചേര്‍ന്നാണ് ബൈക്ക് കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞത്. ഇതിനിടയില്‍ ഷെമീം എസ്.ഐ ബാവ അക്കരക്കാരന്റെ കൈപിടിച്ച് ഒടിക്കുകയായിരുന്നു.
പരിക്കേറ്റ എസ്.ഐയെ ജില്ല ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് വിധേയനാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് ജീപ്പ് കേടുപാട് വരുത്തിയതിനും ഷെമീം, മുഹമ്മദ്, നൗഫല്‍ തുടങ്ങി കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.