പാളത്തിൽ പെരുമ്പാമ്പ്; നാട്ടുകാരുടെ കരുതലിൽ വീണ്ടും കാട്ടിലേക്ക്
text_fieldsകാഞ്ഞങ്ങാട്: പാളത്തിൽ പെരുമ്പാമ്പിനെ കണ്ട വിവരം യാത്രക്കാരും നാട്ടുകാരും വനം ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് ഇതിനെ പിടികൂടി കാട്ടിലേക്ക് അഴിച്ചുവിട്ടു. യാത്രക്കാരാണ് പാളത്തിൽ പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ഉടൻ റെയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതരാണ് വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞദിവസം രാവിലെ ഏഴിനാണ് സംഭവം.
നിരവധി യാത്രക്കാര്‍ ദിവസവും വന്നുപോകുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനടുത്തുള്ള, ഗുഡ്സ് വാഗണും മറ്റും നിര്‍ത്തിയിടുന്ന ട്രാക്കിനടുത്ത സ്ഥലം കാടുപിടിച്ചിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നഗരത്തില്‍നിന്ന് ഇതുവഴിയാണ് സ്ഥിരം യാത്രികര്‍ സ്റ്റേഷനിലെത്തുന്നത്. ട്രെയിനിറങ്ങി പോകുന്നവരും ഇതുവഴിയാണ് ടൗണിലെത്തുന്നത്. പകല്‍വെളിച്ചത്തില്‍ യാത്രക്കാര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കിലും രാത്രി ഇതുവഴി പോകുന്നവര്‍ക്ക് വലിയ പ്രയാസമാണ്.
നല്ല മഴയില്‍ വശങ്ങളില് ചെറുതായി വെള്ളം കെട്ടിനില്‍ക്കുന്നതിനാൽ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണിവിടം. അടുത്തുതന്നെ മത്സ്യ മാര്‍ക്കറ്റുള്ളതിനാല്‍ നായ്ക്കളും റെയില്‍വേ സ്റ്റേഷന് പരിസരത്ത് ധാരാളമുണ്ട്. സ്റ്റേഷനടുത്തുള്ള പൊന്തക്കാടുകളിലാണ് നായ്ക്കളുടെയും താമസം. രാത്രിയായാല്‍ കൂട്ടത്തോടെയുള്ള നായ്ക്കളുടെ വരവും ഇവയുടെ ബഹളവും യാത്രക്കാരെ പരിഭ്രാന്തരാക്കുന്നു. പാളം വൃത്തിയാക്കാനും മറ്റും ദിവസവേതനക്കാരുണ്ടെങ്കിലും കാട് വെട്ടിത്തെളിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കാട് അടിയന്തരമായി വെട്ടിത്തെളിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.