കാഞ്ഞങ്ങാട്ട് വീണ്ടും പിടിച്ചുപറി: വീട്ടമ്മയുടെ അഞ്ചുപവൻ കവർന്നു
text_fieldsമൂന്നു ദിവസത്തിനിടെ നാലു പിടിച്ചുപറിക്കേസുകൾകാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങളിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടുന്ന സംഘത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നതിനിടെ കഴിഞ്ഞ ദിവസം പള്ളിക്കരയിൽ തൊഴിലുറപ്പ് വനിതയുടെ അഞ്ചുപവൻ സ്വർണമാല തട്ടിയെടുത്തു. പനയാൽ ആലിന്റടിയിൽ കളിങ്ങോത്ത് ഹൗസിൽ പി. സാവിത്രിയുടെ (57) സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ യുവാവ് പൊട്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45നാണ് സംഭവം. മാല പൊട്ടിച്ച് സ്കൂട്ടറിൽ അമിതവേഗതയിൽ രക്ഷപ്പെടുന്നതിനിടെ മറ്റൊരു വാഹനത്തിനടിയിൽപെടാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പള്ളിക്കര ജങ്ഷനിൽ വച്ചാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പൊലീസ് സി.സി.ടി.വി പരിശോധിക്കുന്നതിനിടെയാണ് അപകട ദൃശ്യം കണ്ടെത്തിയത്.
സാവിത്രി വീട്ടിൽനിന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ നടന്നുപോകുന്നതിനിടെയാണ് സംഭവം. മുന്നിലും പിന്നിലുമായി നിരവധി സ്ത്രീകൾ ഉണ്ടായിരുന്നെങ്കിലും തന്ത്രപരമായാണ് മാല പൊട്ടിച്ച് പ്രതി രക്ഷപ്പെട്ടത്. സാവിത്രിയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. പ്രതി മാല പൊട്ടിക്കുന്ന സമയം ബേക്കൽ പൊലീസ് വിവിധ സ്ഥലങ്ങളിൽ പിടിച്ചുപറിക്കാരെ പിടികൂടാൻ വാഹന പരിശോധന ഉൾപ്പെടെ നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് വീണ്ടും പട്ടാപ്പകൽ പിടിച്ചുപറി നടന്നത്.
രണ്ട് ദിവസമായി പൊലീസ് കർശന പരിശോധനയിലും ജാഗ്രതയിലുമായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അതിജാഗ്രതയും പ്രതികൾക്കായി ഊർജിത അന്വേഷണവും നടക്കുന്നതിനിടെയാണ് വീട്ടമ്മക്ക് രണ്ടര ലക്ഷം രൂപയുടെ ആഭരണം നഷ്ടപ്പെട്ടത്. ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് രണ്ട് ദിവസമായി പൊലീസ് വാഹനം വഴി മൈക്ക് കെട്ടി അനൗൺസ്മെൻറ് നടത്തുന്നുണ്ട്. പള്ളിക്കര, മടിക്കൈ, ബേഡകം, മേൽപ്പറമ്പിലുമായി മൂന്നു ദിവസങ്ങൾക്കിടെ നാലു പിടിച്ചുപറിക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.