കാഞ്ഞങ്ങാട് ഡെങ്കിപ്പനി പടരുന്നു; 40 വ്യാപാരികൾ ചികിത്സ തേടി
text_fieldsകാഞ്ഞങ്ങാട്: നഗരത്തിൽ വ്യാപാരികൾക്കിടയിൽ ഡെങ്കിപ്പനി പടരുന്നു. നാൽപ്പതിലേറെ കച്ചവടക്കാരെയും ജീവനക്കാരെയും ഡെങ്കിപ്പനി ബാധിച്ചും ലക്ഷണം കണ്ടതിനെ തുടർന്നും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികളിലാണ് ഡെങ്കിപ്പനി പടർന്നത്. കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ് ഡെങ്കിയുടെ ലക്ഷണം കണ്ടുതുടങ്ങിയത്.
പിന്നീട് കൂടുതൽ വ്യാപാരികളിലേക്കും ജീവനക്കാരിലേക്കും പകരുകയായിരുന്നു. ഏറെ വൈകിയാണ് ആരോഗ്യവിഭാഗം സംഭവം അറിയുന്നത്. അപ്പോഴേക്കും ഡെങ്കിപ്പനി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. സ്ഥാപന ഉടമക്കും ജീവനക്കാരിലേക്കും ഡെങ്കി പടർന്നതോടെ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ഫാൻസി കട ദിവസങ്ങളായി അടച്ചുപൂട്ടി.
ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്ത് ധനകാര്യ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും ഡെങ്കിപ്പനി ബാധിച്ചതോടെ ദിവസങ്ങളോളം അടച്ചുപൂട്ടി. രണ്ടുദിവസം മുമ്പ് മാത്രമാണ് ആരോഗ്യ വിഭാഗം നഗരത്തിൽ പടർന്നുപിടിച്ച ഡെങ്കിപ്പനിയെക്കുറിച്ച് അറിയുന്നത്.
നാൽപ്പതിലേറെ പേർക്ക് ഡെങ്കിപ്പനിയോ ലക്ഷണമോ ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുമ്പോൾ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പക്കൽ ഇതുസംബന്ധിച്ച് ഒരു കണക്കുമില്ല. ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് മാത്രമേ ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിവരം അറിയുകയുള്ളൂവെന്നാണ് കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം പറഞ്ഞത്.
മൂന്നാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ചോ ലക്ഷണമുള്ളവരോ ആയി 39 പേർ ചികിത്സ തേടിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.എ.വി. രാംദാസ് പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യവും ഡെങ്കിക്ക് കാരണമായതായി ചൂണ്ടിക്കാണിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. നഗരസഭ കോട്ടച്ചേരി മത്സ്യ മാർക്കറ്റിന്റെ പരിസരം മാലിന്യത്താൽ നിറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.