കടകളിൽ സ്ക്വാഡ് പരിശോധന; മൂന്നു സ്ഥാപനങ്ങൾക്ക് പതിനായിരം രൂപ വീതം പിഴ
text_fieldsകാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉൾപ്പെടെ കണ്ടെത്തി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിച്ചതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും 10,000 രൂപ വീതം മൂന്നു സ്ഥാപനത്തില്‍നിന്നും പിഴ ഈടാക്കി.
മാവുങ്കാല്‍ സുരഭി ഹാർഡ് വേഴ്സിൽ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് ചാക്കുകളും മറ്റും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കത്തിച്ചതായി കണ്ടെത്തിയതിനും പിഴ ഈടാക്കി. അതിഞ്ഞാൽ തെക്കെപ്പുറം മൻസൂർ ഹോസ്പിറ്റലിന്റെ അനുബന്ധ സ്ഥാപനമായ പാലക്കി മെഡിക്കല്‍സ് നിന്നും മരുന്നുകള്‍ നല്‍കുന്നതിന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന് പിഴ ഈടാക്കി.
അജ്വ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിള്‍ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ സാധനങ്ങള്‍ നല്‍കുന്നത് നേരിട്ട് കണ്ടെത്തുകയും പച്ചക്കറി, പഴം എന്നിവ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ചാക്കുകളും മറ്റും റോഡരികില്‍ അലക്ഷ്യമായി ഉപേക്ഷിച്ചതിനും പിഴ ചുമത്തി. മറ്റ് അഞ്ചോളം കച്ചവട സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
ഒന്നാംഘട്ടത്തില്‍ പിഴ അടച്ചവര്‍ തുടര്‍ന്നും നിയമ ലംഘനം നടത്തിയാല്‍ 25,000 രൂപയായിരിക്കും പിഴയെന്നും എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ എം.ടി.പി. നിയാസ് സ്ഥാപന ഉടമകളെ അറിയിച്ചു.
തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് ജീവനക്കാരും പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.