ശ്രീകുറുംബ ക്ഷേത്രത്തിൽനിന്ന് ആഹ്വാനം 'നമ്മുടെ മകൻ അജ്മലിനായി തിരച്ചിലിനിറങ്ങണം'
text_fieldsകാഞ്ഞങ്ങാട്: നിങ്ങൾക്കിനി വിശ്രമമില്ല, തോണികളെടുത്ത് അജ്മൽ മോനായി തിരച്ചിലിനിറങ്ങണം, കടപ്പുറത്തെ സകരിയ്യയുടെ മകനാണ്, മകെൻറ ജീവൻ തിരിച്ചു കിട്ടാൻ വിളക്കുവെച്ച് പ്രാർഥിക്കുകയും വേണം. അജ്മലിനെ കാണാതായവിവരം കിട്ടിയ ഉടനെ അജാനൂർ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റി അടിയന്തരമായി ചേർന്ന് തീരുമാനമെടുക്കുകയും അത് ക്ഷേത്രസ്ഥാനികൻ മൈക്കിലൂടെ വിളിച്ചുപറയുകയുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് പന്തു കളിക്കുന്നതിനിടെ തിരമാലക്കിടയിലെ ചുഴിയിൽപെട്ട് ഒമ്പതാം ക്ലാസ് വിദ്യാർഥി അജ്മലിനെ കാണാതായത്.
ആയിരക്കണക്കിന് അംഗങ്ങളുള്ള ക്ഷേത്ര അംഗങ്ങൾ ആരും ഒരു ജോലിക്കും പോകരുതെന്നും ആവശ്യമുള്ള വള്ളങ്ങൾ എടുത്ത് കടലിലും കരയിലും തിരച്ചിൽ ദൗത്യത്തിൽ ഏർപ്പെടണമെന്നും നിർദേശം കൊടുത്തു. കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരുടെ നിർദേശം വരുന്നതിനുമുന്നേ തന്നെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ബല്ലാ കടപ്പുറത്ത് എത്തിച്ചേർന്നത്. ചിലർ വീടുകളിൽ വിളക്കുവെച്ച് പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു. കടപ്പുറത്ത് എത്തിയ സ്ത്രീകൾ സ്വന്തം മകെൻറ വിയോഗമെന്നപോലെ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
മത്സ്യത്തൊഴിലാളികളായ നിരവധി പേർ കടലിൽ നീന്തിയും വലയെറിഞ്ഞും നാട്ടുകാർ അഗ്നിശമനസേനക്ക് അസ്കലൈറ്റ് തെളിച്ച് സഹായം നൽകിയും തിരച്ചിൽ നടത്തിയത്. സ്ത്രീകളായ ചിലർ വീടുകളിൽ പോയി ടോർച്ച് ലൈറ്റും ചൂട്ടും ഉപയോഗിച്ച് അർധരാത്രി വരെ ബല്ലാകടപ്പുറത്തിെൻറ തീരത്ത് തന്നെയുണ്ടായിരുന്നു.
മത്സ്യത്തൊഴിലാളിയായ മോഹനനാണ് ചേതനയറ്റ അജ്മലിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 6.45ഓടടുത്താണ് 200 മീറ്ററിനപ്പുറത്തുവെച്ച് മൃതദേഹം കണ്ടെത്തിയത്.
അജ്മലിെൻറ വേർപാട്: ദു:ഖത്തിൽ മുങ്ങി നാട്
കാഞ്ഞങ്ങാട്: കടലെടുത്ത പൊന്നുമോനെ ജീവനോടെ തീരദേശവാസികൾക്ക് തിരിച്ച് നൽകുമെന്നായിരുന്നു കടപ്പുറത്തുകാരുടെ വിശ്വാസം. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി തൊട്ട് വെള്ളിയാഴ്ച രാവിലെ 6.45 വരെ തിരച്ചിൽ നടത്തിയെങ്കിലും കടൽ തിരികെ നൽകിയത് ചേതനയറ്റ ശരീരം മാത്രമായിരുന്നു. അജ്മലിെൻറ വിയോഗത്തിൽ മുങ്ങിത്താഴുകയായിരുന്നു ബല്ലാ കടപ്പുറം പ്രദേശം. കടപ്പുറത്തുകാർക്ക് അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അജ്മൽ.
വ്യാഴാഴ്ച വൈകീട്ട് എല്ലാവരോടും കളിതമാശകൾ പറഞ്ഞായിരുന്നു കടൽതീരത്ത് പന്തുകളിക്കാൻ കടപ്പുറത്തേക്ക് അജ്മലിെൻറ വരവ്. പന്തുകളിക്കിടെയാണ് തിരമാലയുടെ ചുഴിയിൽപെട്ട് അജ്മലിനെ കാണാതായത്. ചുഴിയിൽപെട്ട മണിക്കൂർ മുതൽ കടപ്പുറം നിവാസികളെല്ലാം അജ്മലിന് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു. പന്ത് കടലിലേക്ക് തെറിച്ചപ്പോൾ അതെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. വൈകീട്ടോടെ വേലിയേറ്റമായതിനാൽ കടൽവെള്ളം ധാരാളമായി ഇറങ്ങിയിരുന്നു. ഇതാണ് പെട്ടെന്ന് ചുഴിയിലേക്ക് താഴ്ന്നുപോകാനുണ്ടായ കാരണം. വിവരമറിഞ്ഞ് മത്സ്യ ത്തൊഴിലാളികളായ നിരവധി പേരാണ് കടലിൽ നീന്തിയും വലയെറിഞ്ഞും തിരച്ചിൽ നടത്തിയത്. ഗോവയിൽ നിന്നു കടൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ച പത്തുപേരും സഹായത്തിനുണ്ടായിരുന്നു. പൊന്നുപോലെ വളര്ത്തിയ മകെൻറ മൃതദേഹം കണ്ട് പിതാവ് സക്കരിയ വിങ്ങിപ്പൊട്ടി. മികച്ച കാൽപന്തു കളിക്കാരൻ കൂടിയായിരുന്നു അജ്മൽ. മാസങ്ങൾക്കുമുമ്പ് ഷാർജയിൽ പോയപ്പോൾ വാങ്ങിച്ച ഫുട്ബാൾ ജഴ്സിയും ഷൂസുമൊക്കെ റൂമിൽ തൂക്കിയിട്ടത് കണ്ടപ്പോൾ മൃതദേഹം കാണാൻ വന്ന നാട്ടുകാരുടെ ഹൃദയം പൊട്ടി.
ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തില് മൃതദേഹം സംസ്കാരത്തിനായി വീട്ടുമുറ്റത്തുനിന്ന് പള്ളിയിലേക്കെടുക്കുമ്പോഴും വ്യാഴാഴ്ച വരെ അവെൻറ കൂടെയുണ്ടായിരുന്ന കളിക്കൂട്ടുകാർ പൊട്ടിക്കരഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ബല്ലാകടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.