കാത്തിരിപ്പിന് വിരാമം; ചിത്താരി റഗുലേറ്റർ നിർമാണോദ്ഘാടനം നാളെ
text_fieldsകാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൽ കുടിവെള്ളത്തിനും കാർഷിക ജലസേചനത്തിനും പ്രയോജനപ്പെടുന്ന ചിത്താരി റെഗുലേറ്റർ നിർമാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചിത്താരി പാലത്തിനു സമീപം നടക്കുന്ന ചടങ്ങിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും.
കോവളം-ബേക്കൽ ദേശീയ ജലപാതയുടെ ഭാഗമായി വരുന്ന ചിത്താരി റെഗുലേറ്റർ നബാർഡിൽനിന്ന് 33.28 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ചിത്താരി പുഴക്ക് കുറുകെ റെഗുലേറ്റർ നിലവിൽ വന്നാൽ ഉപ്പുവെള്ളം പ്രതിരോധിക്കാനാവും. 2022-23 വർഷത്തെ ആർ.ഐ.ഡി.എഫ് ട്രാഞ്ചെ 28ൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. 25 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.
ചിത്താരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉപയോഗ ശൂന്യമായിട്ട് 30 വര്‍ഷത്തിലധികമായി. മെക്കാനിക്കല്‍ ഷട്ടറുകള്‍ എല്ലാം നശിച്ച് ഉപ്പ് വെള്ളം കയറി. പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ കിഴക്കേക്കര, പൂച്ചക്കാട്, ദാവൂദ് മൊഹല്ല, മുക്കൂട്, ചിത്താരി പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് ഭൂമിയാണ് കൃഷി ചെയ്യാതെ വര്‍ഷങ്ങളായി തരിശായി കിടക്കുന്നത്. ഇത് പരിഹരിക്കുന്നതിനാണ് നബാർഡ് സഹായത്തോടെ പുതിയ റെഗുലേറ്റർ നിർമിക്കുന്നത്. നിലവിലുള്ള റെഗുലേറ്റര്‍ പുതുക്കി പണിയണമെന്ന ആവശ്യം ഉയർന്നെങ്കിലും പ്രായോഗികമല്ല എന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയത് നിര്‍മിക്കുന്നതിന് രൂപകല്പന ചെയ്തത്.
ചിത്താരി റെഗുലേറ്റര്‍ നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്റെ 270 മീറ്റര്‍ മുകള്‍ ഭാഗത്തായാണ് നിര്‍മിക്കുന്നത്. ഇത് ഇരു പഞ്ചായത്തുകളിലെയും 1095 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടുകയും 865 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും. കോവളം ബേക്കൽ ജലപാതയുടെ ഭാഗമായതിനാൽ ടൂറിസം വികസനത്തിനും പദ്ധതി ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.