നാടുനീളെ തെരുവുനായ്ക്കൾ; ഭീതിയിൽ നാട്ടുകാരും കുട്ടികളും
text_fieldsകാഞ്ഞങ്ങാട്: നാടുനീളെ തെരുവുനായ്ക്കൾ വിഹരിക്കുന്നതുമൂലം ഭീതിയിലായി നാട്ടുകാരും കുട്ടികളും. ഒരേസമയം നാടിന്റെ എല്ലാ ഭാഗങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ നാലു ദിവസങ്ങൾക്കിടെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
സൗത്ത് ചിത്താരിയിൽ ചൊവ്വാഴ്ച വീട്ടിലെ കോഴിക്കൂട് തകർത്ത് 10 കോഴികളെയാണ് നായ്ക്കൂട്ടം കൊന്നത്. അസീസ് അടുക്കത്തിന്റെ വീട്ടിലെ കോഴികളെയാണ് കൊന്നത്. ചിത്താരി ഭാഗങ്ങളിൽ ശല്യം അതിരൂക്ഷമാണെന്നും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കാഞ്ഞങ്ങാട്ട് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. പുതിയകോട്ട നിത്യാനന്ദ ആശ്രമ പരിസരത്തുവച്ച് ആറു പേരെ തെരുവ് നായ കടിച്ചുപരിക്കേൽപ്പിച്ചു. ആശ്രമം സന്ദർശിക്കാൻ എത്തിയവർക്കാണ് കടിയേറ്റത് . അരയിയിൽ ആടിനെ കടിച്ചു കൊന്നു. മറ്റൊരാടിനെ കടിച്ചു പരിക്കേൽപ്പിച്ചു. കാർത്തികയിലെ പി.പി. ദാമോദരെന്റ ആടിനെയാണ് കൊന്നത്. നാരായണിയുടെ ആടിനെയാണ് കടിച്ചത്.
കാഞ്ഞങ്ങാട് നായുടെ കടിയേറ്റ് രണ്ട് പേരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലൂർ തടത്തിലെ വിനീഷി(26)നെയും നീലേശ്വരം സ്വദേശിയെയുമാണ് ആശുപത്രിയിലാക്കിയത്. വിനീഷിനെ വളർത്തു നായാണ് കടിച്ചത്. കൈക്കാണ് സാരമായി പരിക്കേറ്റത്.
അജാനൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാഞ്ഞങ്ങാട് നഗരസഭയിലും ഇതുതന്നെയാണ് സ്ഥിതി. കള്ളാർ, പനത്തടി, ബളാൽ, കോടോം ബേളൂർ, പുല്ലൂർ പെരിയാർ പഞ്ചായത്തുകളിലും അമ്പലത്തറ, ഒടയം ഞ്ചാൽ ,പരപ്പ, വെള്ളരിക്കുണ്ട്, ചുള്ളിക്കര, കൊട്ടോടി ഭാഗങ്ങളിളും ശല്യം അതിരൂക്ഷമാണ്.
വെള്ളരിക്കുണ്ടിൽ കഴിഞ്ഞദിവസം വിദ്യാർഥിനിയെ തെരുവുനായ് ആക്രമിക്കാൻ ശ്രമിക്കുകയും പെൺകുട്ടിക്ക് വീണു പരിക്കേൽക്കുകയും ചെയ്തിരുന്നു. വള്ളിക്കടവിൽ ചൊവ്വാഴ്ച വിദ്യാർഥികളെ നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. കുട്ടികൾ ഭയന്നു വിറച്ച് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയതിനാൽ വലിയ അപകടം ഒഴിവായി.
സ്കൂൾ, മദ്റസ വിദ്യാർഥികളാണ് ഏറെ ഭീതിയിലാകുന്നത്. അതിരാവിലെ മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികൾ ഭയപ്പാടോടെയാണ് വീട്ടിൽനിന്നും ഇറങ്ങുന്നത്. രാവിലെ ഒഴിഞ്ഞ റോഡുകളിൽ വിഹരിക്കുന്ന തെരുവുനായ്ക്കൾ പിഞ്ചുകുട്ടികളെ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്.
റോഡരികിൽ മാലിന്യം തള്ളുന്നതാണ് നായ്ക്കൾ റോഡ് കൈയടക്കാൻ കാരണം. മാലിന്യങ്ങൾ ഭക്ഷിക്കുന്ന നായ്ക്കൾ കടത്തിണ്ണയിൽ തന്നെയാണ് അന്തിയുറങ്ങുന്നത്. ഇരുചക്ര വാഹനങ്ങൾക്കു പിന്നാലെ ഓടി ആക്രമിക്കുന്നതും വർധിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും വർധിച്ചതായി നാട്ടുകാർ പറഞ്ഞു. തെരുവുനായ്ക്കൾ അക്രമാസക്തമായി വിഹരിക്കുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരു നടപടിക്കും തയാറാകുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.