തെരുവുനായ്: ഇരുചക്ര വാഹന യാത്രക്കാർ ഭീതിയിൽ
text_fieldsകാഞ്ഞങ്ങാട്: തെരുവുനായ്ക്കളുടെ ഭീഷണിയിൽ പകച്ച് ഇരുചക്ര വാഹനയാത്രക്കാർ. ഓടിക്കൊണ്ടിരിക്കെ മോട്ടോർ ബൈക്കുകളെ പിന്തുടർന്ന് യാത്രക്കാരെ ആക്രമിക്കുന്നത് പതിവായി. രാത്രിയിലാണ് ഇവ ബൈക്കുയാത്രക്കാർക്കുമേൽ ചാടിവീഴുന്നത്.
റോഡു മുഴുവൻ തെരുവുനായ്ക്കളാണ്. റോഡുവക്കുകളിൽ അപ്പാടെ മാലിന്യം തള്ളുന്നതിനാൽ ഇവ ഭക്ഷിച്ച് നായ്ക്കൾ റോഡുകൾ താവളമാക്കി. കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാനപാത തെരുവുനായ്ക്കൾ കീഴടക്കിയിട്ട് നാളുകളായി.
ഇരുചക്ര വാഹന യാത്രക്കാർ വലിയ ഭീഷണിയാണ് ഈ റൂട്ടിൽ നേരിടുന്നത്. പെരുകിവരുന്ന തെരുവുനായ്ക്കളുടെ ഭീഷണി മൂലം പത്രവിതരണം തടസ്സപ്പെടുന്നതായി ഏജൻറുമാരും പറഞ്ഞു. പുലർച്ച ബൈക്കിലും സൈക്കിളിലും നടന്നും പത്രവിതരണം നടത്തുന്ന ഏജൻറുമാർ തെരുവുനായ്ക്കളുടെ ഭീഷണി കാരണം പുറത്തിറങ്ങാൻ ഭയപ്പെടുന്നു.
നായ്ക്കളുടെ കടിയേറ്റ പത്രവിതരണക്കാർ നിരവധി. മാവുങ്കാൽ, കോട്ടപ്പാറ, അമ്പലത്തറ, പാറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യത്തിൽ ആശങ്കയിലാണ് ജനം. രാവിലെ മദ്റസകളിലും സ്കൂളിലും പോകുന്ന കുട്ടികൾ തിരിച്ചുവരുന്നതുവരെ രക്ഷിതാക്കൾ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.