റെയിൽവേ പ്ലാറ്റ്ഫോമുകൾ കീഴടക്കി തെരുവുനായ്ക്കൾ
text_fieldsകാഞ്ഞങ്ങാട്: തെരുവുനായ്ക്കള്‍ പെരുകി റെയിൽവേ പ്ലാറ്റ്ഫോമും റെയിൽവേ സ്റ്റേഷൻ പരിസരവും. നായ്ക്കളുടെ ആക്രമണവും ഇവിടെ പതിവാണ്. കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേരാണ് അപകടത്തില്‍പ്പെടുന്നത്. വര്‍ഷം നിരവധി വളർത്തുമൃഗങ്ങള്‍ക്കും കുട്ടികള്‍ക്കും കടിയേറ്റിരുന്നു. നൂറുകണക്കിന് നായ്ക്കളാണ് തെരുവുകളില്‍ അലയുന്നത്.
സ്റ്റേഷനടുത്തുള്ള മത്സ്യ ഇറച്ചി മാര്‍ക്കറ്റ്, ഒഴിഞ്ഞ മൈതാനം, തിയറ്റർ പരിസരം എന്നിവിടങ്ങളില്‍ വ്യാപകമായി നായ് ശല്യമുണ്ട്. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവരും ഇരുചക്ര വാഹന യാത്രികരും ഭയന്നാണ് സഞ്ചരിക്കുന്നത്. ട്രെയിനിൽനിന്ന് സ്റ്റേഷനിലിറങ്ങുമ്പോൾ കുറുകെ ചാടിയതിനെത്തുടര്ന്നും അപകടങ്ങളുണ്ടായിട്ടുണ്ട്. മുമ്പ് അലഞ്ഞുതിരിയുന്ന പട്ടികളെ പിടിച്ച് നശിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ കൊല്ലുന്നത് നിയമ വിരുദ്ധമാണ്. പകരം വന്ധ്യംകരണമാണ് നടത്തുന്നത്. പക്ഷേ നഗരസഭയും പഞ്ചായത്തും അതിന് താൽപര്യം കാണിക്കുന്നില്ല.
മാലിന്യം തോന്നിയപോലെ വലിച്ചെറിയുന്നതാണ് തെരുവു നായ്ക്കളുടെ ശല്യം കൂടാന്‍ കാരണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു ദാക്ഷണ്യവുമില്ലാതെയാണ് മാലിന്യങ്ങള്‍ സാമൂഹിക വിരുദ്ധർ റോഡരികിലേക്ക് വലിച്ചെറിയുന്നത്. അറവുമാലിന്യമടക്കമുള്ള മാലിന്യമാണ് റോഡരികിലുണ്ടാകാറുള്ളത്. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്ന മത്സ്യ-മാംസാവശിഷ്ടങ്ങള്‍ ആസ്വദിച്ച് ഭക്ഷിക്കുന്ന നായ്ക്കൂട്ടങ്ങള്‍ ചിലപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കുനേരെ അക്രമാസക്തരായി കുരച്ച് ചാടുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ നായ്ക്കളെ നശിപ്പിക്കാന്‍ നടപടിയുണ്ടായിരുന്നു. ഇത്തവണ അത്തരത്തിലുള്ള നടപടികളൊന്നും അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.