ശക്തമായ കാറ്റും മഴയും;മലയോര മേഖലകളിൽ വ്യാപക നാശം
text_fieldsകാഞ്ഞങ്ങാട്: തിങ്കളാഴ്ച പെയ്ത അതിശക്തമായ മഴയും കാറ്റും മലയോര മേഖലകളെ ഭീതിയിലാഴ്ത്തി. മഴ ശക്തമായി തുടരുന്നു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയാണ്. വെള്ളരിക്കുണ്ട് മാങ്ങോട് പാലത്തിന് സമീപം ചൈത്രവാഹിനി പുഴയോട്ചേർന്ന് വടയാറ്റ് മാത്യു അഗസ്റ്റിന്റെ പറമ്പിൽ 10 വർഷംമുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിയ മതിൽ അറുപത് മീറ്ററോളം ഇടിഞ്ഞ് വലിയ നഷ്ടം ഉണ്ടായി.
എണ്ണപ്പാറ - പാത്തിക്കരയിൽ വ്യാപക നാശമാണുണ്ടായത്. ജെയിൻ മുക്കുഴി, തമ്പാൻ നായർ , ജോയി പ്രാക്കുഴി, ബെജി, ബെന്നി, ചെറിയാൻ കോയിപ്പുറം, പി.വി. കുഞ്ഞമ്പു, കെ. കുഞ്ഞമ്പു നായർ, കെ. അശോകൻ, കാർത്യാനിയമ്മ, പൂമണി, തമ്പാൻ നായർ എന്നിവരുടെ കൃഷിയിടത്തിലും കാറ്റും മഴയും നാശം വിതച്ചു.
തെങ്ങ്, കവുങ്ങ്, പ്ലാവ്, തേക്ക്, റബർ, വാഴ തുടങ്ങി എല്ലാവിധ കൃഷികളും ഒടിഞ്ഞുതൂങ്ങിയും കടപുഴകിയും കിടക്കുന്ന കാഴ്ചയാണ്. ജോയി പ്രാക്കുഴിയുടെ വീടിനോട് ചേർന്നുള്ള ശുചിമുറി മരംവീണ് തകർന്നു. രോഗബാധിതരായ രണ്ട് പെൺമക്കളുള്ള ജോയിയുടെ ജീവിതമാർഗമായിരുന്ന കൃഷി പൂർണമായും നശിച്ചു.
കോൺഗ്രസ് കാലിച്ചാനടുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എണ്ണപ്പാറ - പാത്തിക്കരയിൽ കാറ്റും മഴയും നാശംവിതച്ച സ്ഥലങ്ങളും വീടുകളും സന്ദർശിച്ചു.
കാലിച്ചാനടുക്കം മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ, വാർഡ് മെംബർമാരായ അഡ്വ. ഷീജ, രാജീവൻ ചീരോളിൽ, സേവാദൾ ജില്ല വൈസ് ചെയർമാൻ കെ.സി. ജിജോമോൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജെയിംസ്, ജെയിൻ മുക്കുഴി, തമ്പാൻ നായർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.