ഹോസ്റ്റൽ മുറിയിലെ ആത്മഹത്യശ്രമം; വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു
text_fieldsകാഞ്ഞങ്ങാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ നഴ്സിങ് വിദ്യാർഥിനി ചൈതന്യകുമാരിയുടെ (20) ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
മംഗലാപുരം ആശുപത്രി വെന്റിലേറ്ററിൽ തന്നെയാണ് വിദ്യാർഥിനി. ഇന്നലെ കാര്യമായ പ്രതിഷേധ പരിപാടികളൊന്നും സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വാർഡന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് മറ്റു തുടർനടപടികളൊന്നുമുണ്ടായില്ല.
നിലവിൽ അറസ്റ്റ് ചെയ്യേണ്ട വകുപ്പിലല്ല എഫ്.ഐ.ആർ രജിസ്റ്റ്ർ ചെയ്തതെന്നതിനാൽ അറസ്റ്റിനും സാധ്യതയില്ല. പ്രതിക്ക് നോട്ടീസ് നൽകുകയാവും ചെയ്യുക. ദിവസങ്ങളായി നടന്ന യുവജന പ്രതിഷേധത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകർ പ്രതികളായി.
വിദ്യാർഥികളടക്കം നിരവധി പേർ പൊലീസിന്റെ ലാത്തിയടിയേറ്റ് ഇപ്പോഴും ചികിത്സയിലാണ്. ഡിവൈ.എസ്.പിയും ആശുപതി മാനേജ്മെന്റും ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയുടെ സഹപ്രവർത്തകരായ വിദ്യാർഥിനികളുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥിനികൾ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാനും മറ്റു ചില കാര്യങ്ങളിലും നഴ്സിങ് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് സ്വാതന്ത്ര്യം ലഭിക്കണമെന്നതടക്കമുള്ളതായിരുന്നു ആവശ്യം. വിദ്യാർഥിനികളുടെ ഈ ആവശ്യങ്ങളെല്ലാം മാനേജ്മെന്റ് അംഗീകരിച്ച സാഹചര്യത്തിൽ നഴ്സിങ് വിദ്യാർഥിനികളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം അയവ് വന്ന മട്ടിലായി.
വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് മംഗലാപുരം ആശുപത്രിയിൽ ഒപ്പമുള്ളത്. പ്രതിേഷധവുമായി മൻസൂർ ആശുപത്രിക്ക് മുന്നിലെത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് പൊലീസിൽ നിന്ന് ക്രൂരമായി ലാത്തിയടിയേറ്റ സംഭവത്തിൽ ഡിവൈ.എസ്.പിക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
"ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുക്കണം'
കാഞ്ഞങ്ങാട്: സ്വകാര്യ നഴ്സിങ് കോളജ് മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യയുടെ ആത്മഹത്യ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ആശുപത്രി മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി.എസ് ജില്ല പ്രസിഡന്റ് കരീം ചന്തേര ആവശ്യപ്പെട്ടു.
മൻസൂർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ട്രഷറർ ബെന്നി നാഗമറ്റം അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി സി. ബാലൻ, നാഷനലിസ്റ്റ് സ്റ്റുഡൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അരുൺ സത്യനാഥ്, ജില്ല ജനറൽ സെക്രട്ടറിമാരായ ടി. നാരായണൻ, സിദ്ദിഖ് കൈക്കമ്പ, ബ്ലോക്ക് പ്രസിഡന്റുമാരായ രാഹുൽ നീലാങ്കര, മുഹമ്മദ് കൈക്കമ്പ, നാസർ പള്ളം, സമീർ അണങ്കൂർ, ലിജോ സൊബാസ്റ്റ്യൻ, മൈനോറിറ്റി കോൺഗ്രസ് ജില്ല പ്രസിഡന്റ് ഹമീദ് ചേരങ്കൈ, ടി.വി. കൃഷ്ണൻ, മോഹനൻ ചുണ്ണംകുളം എന്നിവർ സംസാരിച്ചു.
"നീതി നടപ്പാക്കണം'
കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യശ്രമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാഷനൽ വിമൻസ് ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
നഴ്സിങ് ഹോസ്റ്റൽ വാർഡന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനങ്ങളും സ്വാതന്ത്ര്യ നിഷേധങ്ങളും വിശദമായ അന്വേഷണത്തിലൂടെ വിദ്യാർഥികൾക്ക് നീതി ഉറപ്പുവരുത്തണമെന്ന് നാഷനൽ വിമൻസ് ലീഗ് ജില്ല പ്രസിഡന്റ് ജമീല, ജനറൽ സെക്രട്ടറി ഫരീദ അസീസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
"കുറ്റക്കാരെ ശിക്ഷിക്കണം'
കാസർകോട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ മൂന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയ വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. സ്ഥാപന അന്തരീക്ഷം വിദ്യാർഥി സൗഹൃദമല്ലെന്ന ആക്ഷേപം ബന്ധപ്പെട്ട വകുപ്പ് അന്വേഷിക്കണം.
വിദ്യാർഥി സൗഹൃദ കലാലയം ഒരുക്കാൻ മാനേജ്മെന്റ് തയാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് സി.എ. യൂസുഫ്, ജനറൽ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം, സെക്രട്ടറി ഷാഹ്ബാസ് കോളിയാട്ട് എന്നിവർ മംഗളൂരുവിലെ ആശുപത്രിയിൽ വിദ്യാർഥിനിയെ സന്ദർശിച്ചു.
"ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണം'
കാഞ്ഞങ്ങാട്: സ്വകാര്യ നഴ്സിങ് കോളജിൽ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളജ് വിദ്യാർഥിനികളുടെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് മുഹമ്മദ് പാക്യര, മണ്ഡലം ജോ. സെക്രട്ടറി സബീൽ എന്നിവർ ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്, സി.ഐ അജിത്ത് എന്നിവരെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.