സ്വകാര്യ നഴ്സിങ് കോളജിൽ വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം; പ്രതിഷേധം, സംഘർഷം
text_fieldsകാഞ്ഞങ്ങാട്: വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിക്ക് മുന്നിൽ നഴ്സിങ് വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം. നോർത്ത് കോട്ടച്ചേരി തെക്കേപ്പുറം മൻസൂർ ആശുപത്രിക്ക് മുന്നിലാണ് നഴ്സിങ് കോളജിലെ വിദ്യാർഥികൾ ഞായറാഴ്ച ഉച്ചക്കുശേഷം പ്രതിഷേധിച്ചത്.
സംഘർഷ സമാനമായിരുന്നു ഇവിടത്തെ അന്തരീക്ഷം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ആശുപത്രി പരിസരത്ത് വൻ ജനക്കുട്ടവും തടിച്ചുകൂടി. ശനിയാഴ്ച ഉച്ചക്ക് മൂന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർഥിനി ചൈതന്യ കുമാരിയാണ് (20) ആത്മഹത്യക്ക് ശ്രമിച്ചത്.
വാർഡന്റെ പീഡനത്തെ തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നൂറോളം വിദ്യാർഥികൾ പ്ലക്കാഡുകളുമായി പ്രതിഷേധിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഡി.വൈ.എഫ്.ഐ നേതാക്കൾ സമരത്തിന് പിന്തുണയറിയിച്ച് എത്തിയിരുന്നു.
നാലുമണിക്കൂറോളം ആശുപത്രിക്ക് മുന്നിൽ നഴ്സിങ് വിദ്യാർഥികളുടെ പ്രതിഷേധം തുടർന്നു. വാർഡനിൽനിന്ന് കടുത്ത പീഡനമുള്ളതായി വിദ്യാർഥികൾ പറഞ്ഞു. നിസ്സാര കാര്യങ്ങൾക്കുപോലും ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പരീക്ഷസമയത്തും ബുദ്ധിമുട്ടിച്ചു. ഇതിൽ മനംനൊന്താണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പരാതി.
ആശുപത്രി മാനേജ്മെന്റിന്റെയും വിദ്യാർഥിനികളുടെയും പ്രതിനിധികളുമായി പൊലീസ് ചർച്ച നടത്തി വൈകീട്ടോടെ തൽക്കാലം സമരം അവസാനിപ്പിച്ചു. വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാമെന്ന് ചർച്ചക്ക് നേതൃത്വം നൽകിയ ഇൻസ്പെക്ടർ പി. അജിത് കുമാർ ഉറപ്പുനൽകി. ആരോപണവിധേയായ വാർഡനെ മാറ്റാൻ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകി.
വിദ്യാർഥികൾ പരാതി നൽകിയാൽ മറ്റ് നടപടികൾ സ്വീകരിക്കാമെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടക്കും. അതേസമയം, മംഗളൂരു സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില ആശങ്കജനകമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.