ജില്ലയിൽ ആത്മഹത്യ വർധിക്കുന്നു; 24 മണിക്കൂറിനിടെ നാലുപേർ ജീവനൊടുക്കി
text_fieldsകാഞ്ഞങ്ങാട്: ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നു. 24 മണിക്കൂറിനിടെ ജീവനൊടുക്കിയത് നാലുപേർ. ആത്മഹത്യസംഭവങ്ങളില്ലാത്ത ഒരുദിവസംപോലുമില്ലെന്നതാണ് നിലവിലെ അവസ്ഥ. 10 വയസ്സ് മുതൽ 90 കഴിഞ്ഞവർവരെ ആത്മഹത്യചെയ്തവരിൽപെടും. ദിവസങ്ങൾക്കുമുമ്പ് രണ്ട് കുട്ടികളാണ് മരിച്ചത്. കുട്ടികൾ ജീവനൊടുക്കുന്നതിന് ഇടയാകുന്ന സാഹചര്യം അന്വേഷിക്കാൻ ഫലപ്രദമായ സംവിധാനമില്ല. മനോവിഷമത്തിൽ ജീവനൊടുക്കിയെന്ന പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ കേസുകൾ അവസാനിക്കുന്നു. കാരണം തേടിപ്പോകാൻ ബന്ധുക്കൾക്കും താൽപര്യമില്ല.
കൗമാരക്കാരിലും യുവാക്കളിലും ആത്മഹത്യപ്രവണത വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ചെങ്കളയിൽ യുവതിയും പുത്തിലോട്ട് വീട്ടമ്മയും ബേഡകത്ത് യുവാവും ചിറ്റാരിക്കാലിൽ മറ്റൊരു യുവാവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവങ്ങൾ. ചെങ്കള പുലിക്കുണ്ടിലെ വിനോദിന്റെ ഭാര്യ സിന്ധുവിനെ (37) കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊടക്കാട് പുത്തിലോട്ടെ കൃഷ്ണൻ നായരുടെ ഭാര്യ പി.പി. ദേവകിയെ (64) വീട്ടിൽ തൂങ്ങിയനിലയിലാണ് കണ്ടത്.
ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞദിവസമാണ് മരിച്ചത്. ബേഡടുക്ക ചെമ്പക്കാട്ടെ കെ. രവിയാണ് (30) ആത്മഹത്യ ചെയ്യാൻ എലിവിഷം കഴിച്ചത്. ഇദ്ദേഹം ചികിത്സക്കിടെയാണ് മരിച്ചത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ചിറ്റാരിക്കൽ എളയിടത്ത് ഹൗസിൽ തങ്കപ്പന്റെ മകൻ സുധീഷിനെയും (27) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി 10.30ഓടെ വീടിനടുത്തുള്ള ഷെഡിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.