ആശ്വാസമായി വേനൽമഴ; ദേശീയപാത മേഖലയിൽ ദുരിതവും
text_fieldsകൊടുംചൂടിൽ ആശ്വാസമായി പുതുമഴയെത്തി. ജില്ലയിൽ പരക്കെ വേനൽമഴ പെയ്യുന്നത് ഈ വർഷം ആദ്യം. കാർഷിക മേഖലക്ക് നേരിയ ആശ്വാസം. ദേശീയപാത നിർമാണ മേഖലയിൽ അടിപ്പാതകളിൽ അടക്കം പലയിടത്തും വെള്ളക്കെട്ട്
കാഞ്ഞങ്ങാട്: പുലർച്ചയെത്തിയ ശക്തമായ വേനൽ മഴ കത്തുന്ന ചൂടിന് അൽപ്പം ആശ്വാസമായി. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കിൽ മിക്ക ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. പല സ്ഥലങ്ങളിലും രണ്ട് മണിക്കൂറോളം മഴ ലഭിച്ചു. മഴക്കൊപ്പം അതിശക്തമായ ഇടിമിന്നലനുഭവപ്പെട്ടു. മണിക്കൂറോളം ഇടിമിന്നലും തുടർന്നു. ചില സ്ഥലങ്ങളിൽ ഇടിമിന്നൽ അപകടത്തിന് കാരണമായി. മലയോരത്തും ശക്തമായ വേനൽ മഴ ലഭിച്ചു.
പുലർച്ച നാലു മണിയോടുകൂടിയാണ് ഇടിയോടുകൂടിയ മഴ പെയ്തത്. ഒടയം ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, കൊന്നക്കാട്, കാലിച്ചാ മരം, ഭീമ്പനടി ചിറ്റാരിക്കാൽ, രാജപുരം,ചുള്ളിക്കര സ്ഥലങ്ങളിലെല്ലാം ശക്തമായ മഴ ലഭിച്ചു. പലയിടത്തും വൈദ്യുതി ബന്ധം താളംതെറ്റി.
ദേശീയപാതയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. നിർമാണം നടക്കുന്ന ദേശീയ പാതയിലെ താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. മാവുങ്കാൽ ടൗണിൽ രണ്ടിടത്ത് വെള്ളക്കെട്ടുണ്ടായി. പാണത്തൂർ ഭാഗത്തെ ബസ് നിർത്തിയിടുന്ന ദേശീയപാത വെള്ളത്തിൽ മുങ്ങി. ഗതാഗത സ്തംഭനത്തിനും വെള്ളക്കെട്ട് ഇടയാക്കി.
മടിക്കൈ അമ്പലത്തുകര ടി എസ്. തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന് മുന്നിലെ മണ്ണ് ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലേക്ക് ഒഴുകിയെത്തിയത് ദുരിതമായി.
ചെർക്കള: ചൊവ്വാഴ്ച രാവിലെ പെയ്ത മഴയെത്തുടർന്ന് ചെർക്കള ടൗണിൽ വെള്ളപ്പൊക്കം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നാട്ടുകാർ നേരത്തേ നൽകിയ മുന്നറിയിപ്പ് ശരിവെക്കുന്നതായിരുന്നു ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കം. മുന്നറിയിപ്പ് വക വെക്കാതെ അധികൃതർ പണി തുടരുകയായിരുന്നു.
നേരെത്തെ ഉണ്ടായ ഓവുചാൽ ഇല്ലാതാക്കി. പുതിയത് നിർമിച്ചതുമില്ല. റീജനൽ ഫീസറെയും പ്രോജക്റ്റ് ഡയറക്ടറെയും എം.എൽ.എയുടെ നേതൃത്വത്തിൽ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികൾ പാടെ അവഗണിച്ചതായി കർമ്മസമിതി പ്രതിനിധി നാസർ ചെർക്കളം പറഞ്ഞു.. ചർച്ചയെ തുടർന്ന് പണി നിർത്തിയെങ്കിലും പരിഹാര നടപടികളായിട്ടില്ല. ചെർക്കള ടൗൺ പൂർണമായും ഒന്നര മീറ്റർ താഴ്ത്തുക എന്നതായിരുന്നു ഹൈവേ അധികൃതരുടെ ആദ്യ തീരുമാനം.
കുഴച്ചെടുത്ത ഏതാണ്ട് നൂറ് മീറ്റർ പിന്നീട് മണ്ണിട്ട് നീർത്തി ടാറിട്ട് നന്നാക്കിയിരുന്നു. അതിനടിയിലാണ് നേരെത്തെ ഉണ്ടായിരുന്ന രണ്ട് മീറ്റർ വ്യാപ്തി ഉള്ള ഓവുചാൽ നിലവിലുള്ളത്. പുതിയ ഓവുചാൽ വെറും അരമീറ്റർ മാത്രമായിരുന്നു സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ സൂചന സമരം നാട്ടുകാർ കൂട്ടായ്മ ഉണ്ടാക്കി രണ്ട് മാസങ്ങൾക്ക് മുമ്പ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.