ആശ്വാസപ്പെയ്ത്താവാതെ മലയോരത്തെ വേനൽമഴ
text_fieldsകാഞ്ഞങ്ങാട്: ചുട്ടുപൊള്ളുന്ന വേനലിൽ നേരിയ ആശ്വാസമേകി മഴപെയ്തെങ്കിലും കുറയാത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് മലയോരം. മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള കാലാവസ്ഥാമാറ്റത്തിൽ ജലസ്രോതസ്സുകൾ വറ്റിവരണ്ടിരിക്കുന്നതിനാൽ കുടിവെള്ളപ്രശ്നവും രൂക്ഷമായി. ജലലഭ്യത ഇല്ലാത്തതിനാൽ കർഷകർക്ക് വൻനഷ്ടമാണ് ഉണ്ടായത്.
കൂടുതൽ ജലം ആവശ്യമായ കവുങ്ങ്, വാഴ പോലുള്ളവ കരിഞ്ഞുണങ്ങിനിൽക്കുന്ന ദാരുണമായ കാഴ്ചയാണ് എങ്ങും. മലയോരഭാഗത്ത് ഏറെപ്പേർ ആശ്രയിക്കുന്ന തേജസ്വിനി, ചൈത്രവാഹിനി പുഴ എന്നിവ പൂർണമായും വറ്റിവരണ്ടിരിക്കുകയാണ്. വേനൽക്കാലത്ത് അനുഭവപ്പെടുന്ന ജലദൗർലഭ്യതക്ക് പരിഹാരമുണ്ടാക്കാൻ കുന്നുംകൈ പാലത്തിന് സമീപം ചൈത്രവാഹിനി പുഴക്ക് കുറുകെ സ്ഥിരം തടയണ നിർമിക്കുക എന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തിറങ്ങിരിക്കുകയാണ്.
ഇതുസംബന്ധമായി വെസ്റ്റ് എളേരി പഞ്ചായത്ത് വഴിയും എം.എൽ.എ എം. രാജഗോപാലൻ മുഖാന്തരവും ഇറിഗേഷൻ വകുപ്പിലും കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് കലക്ടറെ സമീപിക്കാനുള്ള ശ്രമത്തിലാണെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ ബഷീർ ആറിലകണ്ടം അറിയിച്ചു. അടുത്ത വേനലിന് മുമ്പെങ്കിലും പരിഹാരമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ അതിരൂക്ഷമായ ജലക്ഷാമമായിരിക്കും ഈഭാഗങ്ങളിൽ അനുഭവപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.