കത്തുന്ന ചൂടിലും റമദാനിലും ആശ്വാസമേകി പഴം വിപണി
text_fieldsകാഞ്ഞങ്ങാട്: ഒന്നിച്ചെത്തിയ റമദാനും കത്തുന്ന ചൂടും പഴം വിപണിയെ സജീവമാക്കി. പഴവർഗങ്ങൾ വിപണിയിൽ യഥേഷ്ടം ലഭിക്കുമ്പോഴും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ വിലവർധനയില്ലെന്നത് ജനങ്ങൾക്ക് ആശ്വാസമാണ്. മറ്റ് ഭക്ഷ്യസാധനങ്ങളെ അപേക്ഷിച്ച് പറയത്തക്ക വിലവർധന പഴവർഗങ്ങൾക്കില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
വിശ്വാസികൾ നോമ്പ് മുറിക്കാനും തുറക്കാനും ഈ ചൂടുകാലത്ത് ഏറ്റവുമധികം ഉപയോഗിക്കുന്നത് പഴവർഗങ്ങളാണ്. ഇത്തവണയും വത്തക്ക തന്നെയാണ് പഴങ്ങളിലെ താരം. 20 മുതൽ 25വരെ രൂപയാണ് ഒരുകിലോ വത്തക്കയുടെ വില. വിവിധയിനം നാരങ്ങകളും വിപണിയിൽ സുലഭം. നാഗ്പൂരിൽനിന്നുള്ള ഓറഞ്ചിന്റെ വില കിലോക്ക് 60 മുതൽ 70 രൂപവരെയാണ്. ഈജിപ്തിൽനിന്നുള്ള സ്വീറ്റ് ഓറഞ്ചുകൾക്ക് കിലോക്ക് 120 രൂപ മുതൽ മേൽപോട്ടാണ് വില. മുസംബി കിലോവിന് 60 രൂപക്ക് വിപണയിൽ സുലഭമാണ്. വിവിധയിനം മുന്തിരികൾക്കും ഷമാമിനും നോമ്പുകാലത്ത് ഏറെ പ്രിയമുണ്ട്. മുന്തിരിക്കും ആപ്പിളിനും വലിയ വിലവർധനയില്ല. ചെറുനാരങ്ങക്ക് മാത്രമാണ് വിപണിയിൽ പൊള്ളുന്ന വില അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.