മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. പ്രസാദിന് സസ്പെൻഷൻ
text_fieldsകാഞ്ഞങ്ങാട്: ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. പ്രസാദിനെ സര്‍വിസില്‍ നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ആണ് ഉത്തരവിറക്കിയത്.
കാഞ്ഞങ്ങാട് സബ് ആര്.ടി. ഓഫിസിന്റെ ടെസ്റ്റ് ഗ്രൗണ്ടായ ഗുരുവനത്ത് ഏജൻറുമാര്‍ ലൈസന്‍സ് എടുക്കാൻ എത്തുന്ന അപേക്ഷകരില്‍ നിന്ന് ടൂവീലറിന് 250 രൂപ, ഫോര്‍ വീലറിന് 400 രൂപ എന്ന ക്രമത്തില്‍ പിരിച്ചെടുത്ത് എം.വി.ഐക്ക് കൈമാറുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 സെപ്റ്റംബര്‍ 29ന് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഗുരുവനത്ത് മിന്നല്‍ പരിശോധന നടത്തിയിരുന്നു.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുള്ള കെട്ടിടസൗകര്യം ഉപയോഗപ്പെടുത്തി ഏജന്റുമാര്‍ അനധികൃതമായി അപേക്ഷകരില്‍ നിന്നു നേരിട്ടും ഡ്രൈവിങ് സ്കൂള്‍ മുഖേനയും പണം പിരിച്ചെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എം.വി.ഐ കെ.ആര്. പ്രസാദിനും ജോ. ആര്.ടി.ഒ എച്ച്.എസ്. ചെഗ്ലക്കും മറ്റ് ആര്.ടി ഉദ്യോഗസ്ഥര്‍ക്കും നല്കാന് വെച്ചതുമായ 2,69,960 രൂപ കണ്ടെത്തി.
ഡ്രൈവിങ് സ്കൂളിലെ നൗഷാദ്, റമീസ് എന്നിവരുടെ പക്കല്‍ നിന്നുമാണ് തുക കണ്ടെത്തിയത്. എം.വി.ഐയുടെ കൈവശം സൂക്ഷിക്കേണ്ടതായ ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകള്‍ നൗഷാദിന്റെ പക്കല്‍ നിന്നും കണ്ടെത്തി. ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കുന്നത് ഏജന്റുമാര്‍ ദുരുപയോഗം ചെയ്യുന്നതായും പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നാണ് ആരോപണവിധേയനായ എം.വി.ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.