കുശാൽ നഗർ മേൽപാലത്തിന് സ്ഥലമേറ്റെടുക്കുന്നു
text_fieldsകാഞ്ഞങ്ങാട്: കുശാൽ നഗർ മേൽപാലത്തിനുള്ള ആദ്യ ചുവടുവെപ്പ് നാളെ തുടങ്ങും. ഇതോടെ തീരദേശവാസികൾ ആഹ്ലാദത്തിലായി. പതിറ്റാണ്ടുകളായി റെയിൽപാളം കുരുക്കിട്ട പാതയിൽനിന്ന് മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. നിർദിഷ്ട കുശാൽ നഗർ റെയിൽവേ മേൽപാലത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ശനിയാഴ്ച തുടങ്ങും. സ്ഥലം അളന്ന് കല്ലിടുന്ന ജോലിയാണ് ആരംഭിക്കുക.
മേൽ പാലത്തിനായി 20.2 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഹോസ്ദുർഗ് എ.സി കണ്ണൻ നായർ പാർക്കിനു താഴെ നിത്യാനന്ദ ആശ്രമത്തിലേക്കുള്ള പുതിയ റോഡിനു മുന്നിൽ നിന്നാണ് പാലം തുടങ്ങുക. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കമ്പനിക്കാണ് മേൽപാലം നിർമാണ ചുമതല. 430 മീറ്റർ നീളത്തിലാണ് മേൽപാലം പണിയുന്നത്. ഇതിനായി 120 സെന്റ് ഭൂമി ആവശ്യമായി വരും. ഏറ്റെടുക്കേണ്ട ഭൂമിയിലേറെയും പുറമ്പോക്കായതിനാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല. പാലം യാഥാർഥ്യമാകുന്നതോടെ കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയിലേക്ക് തടസ്സങ്ങളില്ലാതെ എളുപ്പമെത്താൻ കഴിയും. 2013ലാണ് മേൽപാലം വേണമെന്ന ആവശ്യം ഉയരുന്നത്. തുടർന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. 2014ൽ കേന്ദ്ര സർക്കാർ പാലത്തിനായി 10 ലക്ഷം രൂപയും 2015ൽ 39.44 കോടിയും അനുവദിച്ചു.
ആക്ഷൻ കമ്മിറ്റിയും പാലത്തിനായി സജീവമായി ഇടപെട്ടു. ഇടക്ക് പദ്ധതി നടപടി വഴിമുട്ടിയെങ്കിലും വളരെ പെട്ടെന്നാണ് അനുകൂല സാഹചര്യമുണ്ടായത്. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് മുന്നോടിയായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടും മറ്റ് തടസ്സങ്ങളും നീക്കംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.