താലൂക്കുതല അദാലത്തിൽ മന്ത്രി റിയാസ്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മരുന്നും വാഹനവും ഉറപ്പാക്കും
text_fieldsഹോസ്ദുര്‍ഗ് താലൂക്കുതല അദാലത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മുന്‍ഗണനാവിഭാഗം
റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന മരുന്നും വാഹന സൗകര്യവും തുടര്‍ന്നും ഉറപ്പുവരുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഹോസ്ദുർഗ് താലൂക്ക് അദാലത്തിൽ ഉറപ്പു നൽകി.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുമാണ് ദുരിതബാധിതരുടെ സങ്കടാവസ്ഥ പരാതിയായി മന്ത്രിക്ക് അരികിലെത്തിച്ചത്. രോഗികള്‍ക്കുളള മരുന്നുവിതരണം മുടങ്ങരുതെന്നും രോഗികള്‍ക്ക് ചികിത്സക്കായി ആശുപത്രികളിലേക്ക് പോകാനുള്ള വാഹനം വിട്ടുനല്‍കണമെന്നും മന്ത്രി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസിനോട് നിര്‍ദേശിച്ചു. കാസര്‍കോട് നടന്ന അദാലത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മെഡിക്കല്‍ ക്യാമ്പ് നടത്താനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുള്ള സെല്‍ തീരുമാനം അടിയന്തരമായി നടപ്പാക്കാനും സെല്‍ ചെയര്മാന് കൂടിയായ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
മെഡിക്കല്‍ ക്യാമ്പിനുള്ള സ്ഥലം ഉടന്‍ തീരുമാനിക്കാനും ക്യാമ്പിനാവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കാനും അദാലത്തില്വന്ന ദുരിത ബാധിതരുടെ അപേക്ഷകള്‍ പരിഗണിച്ച് ആരോഗ്യ വകുപ്പിന് മന്ത്രി അഹമ്മദ് ദേവര്‍കോവിലും നിര്‍ദേശം നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച് മന്ത്രിമാര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഹോസ്ദുര്‍ഗ് താലൂക്കുതല അദാലത്തിലും ദുരിതബാധിതരുടെ മരുന്നുവിതരണവും വാഹന സൗകര്യവും മുടക്കരുതെന്ന് നിര്‍ദേശം നല്‍കിയത്.
ദേശീയാരോഗ്യദൗത്യം വഴിയാണ് നേരത്തെ മരുന്നും വാഹനസൗകര്യവും ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര ഫണ്ട് നിലച്ചതോടെ മരുന്നുവിതരണവും വാഹന സൗകര്യവും നിലക്കുകയായിരുന്നു. ഇതിനിടയില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കാസര്‍കോട് വികസന പാക്കേജ് മുഖേന മരുന്നിനും ചികിത്സക്കും തുക അനുവദിച്ചിരുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ആവശ്യമായ ഫണ്ടിന്റെ അനുമതിക്കായി ധനകാര്യ വകുപ്പിന്റെ അനുമതി കാത്തിരിക്കുകയായിരുന്നു. എൻഡോസൾഫാൻ സെൽ യോഗം ജൂണിൽ തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.