കുട്ടികൾക്ക് ശുദ്ധജലം നൽകി ലളിതാഞ്ജലി ടീച്ചർ വിരമിച്ചു
text_fieldsകാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സ്കൂളിലെ കുട്ടികൾക്ക് ശുദ്ധജലം നൽകി ലളിതാഞ്ജലി ടീച്ചർ സർവിസിൽനിന്ന് വിരമിച്ചു. ജൂൺ മാസമാണെങ്കിലും കത്തുന്ന വേനൽ ചൂടിൽ തുള്ളി ജലത്തിനായി നെട്ടോട്ടമോടുന്ന അവസരത്തിൽ തന്റെ വിദ്യാർഥികൾക്ക് ശുദ്ധജലം ലഭിക്കുവാൻ ജലശുദ്ധീകരണ സംവിധാനം നൽകിയാണ് ടീച്ചർ മാതൃകയായത്.
മേയ് 31ന് സ്കൂളിൽനിന്നും വിരമിച്ച ലളിതാഞ്ജലി ജലനിധി സ്കൂളിനായി സമർപ്പിക്കുകയായിരുന്നു. ജല ശുദ്ധീകരണ സംവിധാനത്തിന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ശുദ്ധജലം ശേഖരിച്ച് വിതരണം നടത്തി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഗീത സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും അമ്പിളി നന്ദിയും പറഞ്ഞു.
1998ൽ ജി.എച്ച്.എസ്.എസ് കാറടുക്കയിൽ അധ്യാപന ജീവിതം ആരംഭിച്ച് ഇടനീർ, രാവണീശ്വരം ഹൈസ്കൂളുകളിൽ സേവനം അനുഷ്ഠിച്ചശേഷം 2018 ലാണ് മഹാകവി പി. സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ലളിതാഞ്ജലി എത്തുന്നത്.
അഞ്ചുവർഷം കൊണ്ട് കുട്ടികൾക്കും സഹപ്രവർത്തകർക്കും നാടിനും നാട്ടുകാർക്കും ടീച്ചർ പ്രിയങ്കരിയായി. വിരമിച്ചശേഷവും തന്റെ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ദാഹജല ലഭ്യതക്കുറവ് പരിഹരിക്കാനും വേണ്ടിയാണ് ടീച്ചർ ശുദ്ധജല നിധി സ്കൂളിന് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.