ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ച; ഒളിവിലായിരുന്ന മോഷ്ടാവ് പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കണ്ണൂർ കോറോം സ്വദേശി തെക്കിൽ ഹൗസിലെ ബാബുവിനെയാണ് (50) ഹോസ്ദുർഗ് പൊലീസ് പഴയങ്ങാടി പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
കോട്ടച്ചേരി കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലും അയ്യപ്പക്ഷേത്രത്തിലും മാതോത്തു മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
കഴിഞ്ഞ നവംബറിൽ സംസ്ഥാനപാതയോരത്തെ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തിയ ശേഷമാണ് ബാബു ഒളിവിൽ പോയത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
മോഷ്ടാവ് ക്ഷേത്രത്തിൽ കയറുന്നത് മുതൽ കവർച്ച നടത്തി ഇറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങൾ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച കാമറകളിൽ പതിഞ്ഞിരുന്നു. ചുറ്റമ്പലത്തിന്റെ വടക്കുഭാഗത്തെ വാതിൽ പൊളിച്ചാണ് ഉള്ളിൽ കയറിയത്. അകത്തെ മൂന്ന് ഭണ്ഡാരങ്ങളും മതിൽ കെട്ടിനുള്ളിൽ നടയിൽ സ്ഥാപിച്ച ഭണ്ഡാരമടക്കം നാലെണ്ണമാണ് കുത്തിപ്പൊളിച്ച് കവർച്ച നടത്തിയത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിരുന്നു.
എട്ടു വർഷം മുമ്പ് ക്ഷേത്രത്തിൽ നടന്ന സമാനരീതിയിലുള്ള കവർച്ചയിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാലയും ഭണ്ഡാരങ്ങളിലെ കാണിക്കയും മോഷണം പോയിരുന്നു. കോട്ടച്ചേരി കുന്നുമ്മലിൽ നടന്ന ക്ഷേത്ര കവർച്ചകളിലും ബാബുവിന് പങ്കുണ്ടെന്ന് ഹോസ്ദുർഗ് പൊലീസ് പറഞ്ഞു.
രണ്ടു പേരാണ് ഇവിടെ മോഷണം നടത്തിയത്. മുഖം പകുതിയിലധികം മറച്ച യുവാവിന്റെയും, മുഖം മറക്കാത്ത മറ്റൊരു യുവാവിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ബാബുവിന് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസ് നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.