പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ൈലംഗികാതിക്രമം; നടുക്കംമാറാതെ നാട്ടുകാർ
text_fieldsകാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ആഭരണം കവർന്ന് ഉപേക്ഷിച്ച വാർത്തകേട്ട് നടുങ്ങി പടന്നക്കാട്. അച്ഛനും അമ്മയും വല്യച്ഛനും സംരക്ഷകരായുളള വീട്ടിൽനിന്നാണ് തട്ടിക്കൊണ്ടുപോയത് എന്നത് എന്ത് സുരക്ഷയിലാണ് കുട്ടികളെ വളർത്തുക എന്ന ആകുലതയിലേക്ക് നാടിനെ തള്ളിയിട്ടിരിക്കുന്നു.
സ്വന്തം വീട്ടിൽപോലും മക്കൾക്ക് സുരക്ഷിതമായി ഉറങ്ങാൻ കഴിയാത്ത സാഹചര്യത്തിലെ ഭയപ്പാട് നാട്ടുകാർ മറച്ചുവെക്കുന്നില്ല. പശുവിനെ കറക്കാൻ പുലർച്ച മൂന്നുമണിക്ക് വല്യച്ഛൻ പുറത്തുപോയ സമയത്താണ് പുറത്ത് തക്കംപാർത്ത് ഒളിഞ്ഞിരുന്ന അക്രമി ചാരിയിട്ട വാതിൽ തള്ളിത്തുറന്ന് വീട്ടിനുള്ളിൽ കയറുന്നത്. അടുക്കള വാതിലിലൂടെ അക്രമിയുടെ ചുമലിൽ കിടത്തിക്കൊണ്ടാണ് കുട്ടിയെ കൊണ്ടുപോയത്.
പോകുന്നതിനിടെ ഉറക്കമുണർന്ന് നിലവിളിച്ചപ്പോൾ പെൺകുട്ടിയുടെ വായപൊത്തിപ്പിടിച്ച ആക്രമി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വീടിനു 500മീറ്റർ അകലെ ഗല്ലിയിൽ അതിക്രമത്തിനിരയാക്കിയശേഷം ആഭരണം കവർന്ന് പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് വിവരം പെൺകുട്ടി വീട്ടുകാരെ ധരിപ്പിച്ചു. സമീപവാസികളെ വിളിച്ചു കൂട്ടി വിവരം കുട്ടിയുടെ വീട്ടിൽ വിളിച്ചറിയിച്ചു. അപ്പോൾ മാത്രമാണ് കുട്ടി വീട്ടിലില്ലെന്ന കാര്യം മാതാപിതാക്കൾ അറിയുന്നത്. കുട്ടിയുടെ കഴുത്തിനുൾപ്പെടെ സാരമല്ലാത്ത പരിക്കുകളുണ്ട്.
ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് നായ, വിരലടയാള വിദഗ്ധർ, സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അക്രമിയിലേക്കുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. മണംപിടിച്ച പൊലീസ് നായ് കുട്ടിയെ ഉപേക്ഷിച്ച ഗല്ലിയിലെ വയലിലും കുട്ടി ആദ്യമെത്തി കോളിംഗ് ബെല്ലടിച്ച വീട്ടിലും ഇവിടെനിന്നും അൽപം അകലെയും ഓടിയതല്ലാതെ മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല.
ജനവാസം കുറഞ്ഞ പ്രദേശത്ത് സി.സി.ടി.വി കാമറകളും കുറവായതിനാൽ ഇതുവഴിയുള്ള അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഉള്ള സി.സി.ടി.വി പരിശോധിച്ചതിൽ തുമ്പുകളൊന്നും ലഭിച്ചിട്ടില്ല. നിരവധി ടീമുകളായി പല ഭാഗത്തായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ക്രിമിനൽ സ്വഭാവമുള്ളവരെയും ഇത്തരം കേസുകളിൽപെട്ടവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
അടുത്ത കാലത്ത് ജയിൽമോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ലഹരി സംഘങ്ങളെയും ചോദ്യം ചെയ്തുവരുന്നു.പെൺകുട്ടിയിൽനിന്നും പൊലീസ് വിശദമായി മൊഴിയെടുത്തു. ഇരുട്ടായതിനാൽ മുഖം വ്യക്തമായില്ലെന്ന് കുട്ടി പറഞ്ഞു.
അതുകൊണ്ടുതന്നെ രേഖാചിത്രം തയാറാക്കുന്ന കാര്യം പൊലീസ് ഇപ്പോൾ ആലോചിക്കുന്നില്ല. 45 വയസ്സിനോടടുത്ത മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാളം സംസാരിക്കുന്ന ആളാണ് ആക്രമിയെന്ന് പൊലീസ് ഉറപ്പാക്കി. രണ്ട് ദിവസത്തിനകം തുമ്പുണ്ടാക്കാനാകുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്.
അതിനിെട, പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച സ്ഥലം കണ്ണൂർ ഡി.ഐ.ജി തോംസൺ ജോസ് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം എത്തിയത്. അന്വേഷണ പുരോഗതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.