കുടുങ്ങിയത് പൊലീസിന്റെ ഉറക്കംകെടുത്തിയ പ്രതികൾ
text_fieldsകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് കുടുങ്ങിയത് മാസങ്ങളായി പൊലീസിന്റെ ഉറക്കംകെടുത്തിയ പിടിച്ചുപറിക്കാർ. പ്രതികളെ പിടിക്കാൻ റൂട്ട് മാപ്പ് തയാറാക്കിയ അന്വേഷണ സംഘം 480ലേറെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു. കോട്ടിക്കുളം വെടിത്തറക്കാലിലെ എം.കെ. മുഹമ്മദ് ഇജാസ് (24), പാക്കം ചെറക്കാപ്പാറയിലെ ഇബ്രാഹീം ബാദുഷ (24), മുക്കൂട് സ്വദേശി കുണിയയിൽ താമസിക്കുന്ന പി. അബ്ദുൽ നാസർ എന്ന നാച്ചു (24) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇവരിൽ നാസറാണ് പ്രതികൾ തട്ടിയെടുത്ത് കൊണ്ടുവന്ന ആഭരണങ്ങൾ വിൽപന നടത്തിയിരുന്നത്. മറ്റു രണ്ട് പ്രതികൾ ബൈക്കിൽ ഒരുമിച്ച് സഞ്ചരിച്ച് കവർച്ച നടത്തുകയാണ് പതിവ്. നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കവർന്ന് സഞ്ചരിച്ചായിരുന്നു വീട്ടമ്മമാരുടെ ആഭരണങ്ങൾ കവർന്നത്.
മടിക്കൈയിൽ കടയിലെത്തി വെള്ളം ചോദിച്ചു വാങ്ങി ബേബിയെന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെട്ട കേസുണ്ടായതോടെയാണ് പ്രതികളെ എങ്ങനെയും പിടികൂടാൻ പൊലീസ് തുനിഞ്ഞിറങ്ങിയത്. കഴിഞ്ഞ10 ന് ആയിരുന്നു ഈ സംഭവം. ബേഡകത്ത് നടന്ന പിടിച്ചു പറിക്കേസുകളിലും തുമ്പുണ്ടാക്കാൻ ഇതോടെ പൊലീസിനായി. കോഴിക്കോടുനിന്നും മംഗളൂരുനിന്നും ഉൾപ്പെടെ ബൈക്കുകൾ മോഷ്ടിച്ചാണ് പ്രതികൾ പിടിച്ചുപറി നടത്തിയിരുന്നത്. പിന്നീട് ഈ ബൈക്കുകൾ മറ്റൊരിടത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് പതിവ്.
മോഷ്ടിച്ചുകൊണ്ടുവരുന്ന ബൈക്കുകളിലാണ് പ്രതികൾ പിടിച്ചുപറി നടത്തുന്നത് എന്നതിനാൽ ഇവരെ കണ്ടെത്താൻ പൊലീസ് ഏറെ പാടുപെട്ടു. ഹെൽമെറ്റും മാസ്കും ഉപയോഗിച്ച് മുഖം മറച്ചായിരുന്നു കൃത്യങ്ങൾ. അതുകൊണ്ട് പ്രതികളിലേക്ക് അന്വേഷണം എത്താൻ ഒരു സൂചനയും പൊലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല.
സി.സി.ടി.വി കാമറകളായി തുടർന്നുള്ള അന്വേഷണത്തിൽ പൊലീസിന്റെ ആശ്രയം. വീടുകളിലും കടകളിലും റോഡരികിലുമായി സ്ഥാപിച്ച 480ലേറെ കാമറകൾ അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് പരിശോധിച്ചു.
ഈ പരിശോധനയിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. ചതുര കിണറിലെ വീട്ടമ്മ ബേബിയുടെ മാല തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സി.സി.ടി.വി കാമറകൾ പരിശോധിച്ചത്. സി.സി.ടി.വി കാമറയെ ലക്ഷ്യമാക്കി റൂട്ട് മാപ്പ് തയാറാക്കി പ്രതികളിലേക്ക് എത്തുകയായിരുന്നു.
ചതുരക്കിണറിൽ കൃത്യം നടത്തിയശേഷം പ്രതികൾ ഓരോ പോയിന്റിലും സി.സി.ടി.വി ക്യാമറയുടെ മുന്നിൽപെട്ടു. അപ്പോഴേക്കും പ്രതികൾ ആരൊക്കെയെന്ന് അന്വേഷണ സംഘം ഉറപ്പാക്കിയിരുന്നു.ഒരു കാമറക്ക് മുന്നിൽ പ്രതികൾ ഹെൽമെറ്റും മാസ്കും മാറ്റിയതോടെ മുഖചിത്രം ലഭിച്ചു. തുടർന്നാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.