വാഹനമിടിച്ച് വീഴുന്ന വഴിവിളക്കിലെ ബാറ്ററി മോഷ്ടിക്കുന്നു
text_fieldsകാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡുകളിൽ വാഹനമിടിച്ച് ഒടിഞ്ഞുവീഴുന്ന വഴിവിളക്കുകളിലെയും സൂചനവിളക്കുകളിലേയും ബാറ്ററികൾ കവരുന്നത് പതിവാകുന്നു. നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്ന വാഹനങ്ങൾ അധികവും ഇതിെൻറ തൂണിൽ ഇടിച്ചാണ് നിൽക്കാറുള്ളത്. ഒടിഞ്ഞുവീണിടത്തുതന്നെ കിടക്കുമ്പോഴാണ് കളവുപോകുന്നത്.
അപകടത്തിൽപെട്ട മിക്ക വാഹനങ്ങളും നിർത്താതെ പോകുന്നതുമൂലം വാഹന ഉടമകളിൽനിന്നും ഇതിെൻറ നഷ്ടം ഈടാക്കാൻ കഴിയുന്നില്ല. വഴിവിളക്ക് ഒന്നിന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് വില. വഴിവിളക്കുകളും സൂചനവിളക്കുകളും പിന്നീട് പുനഃസ്ഥാപിക്കാൻ കെ.എസ്.ടി.പി അധികൃതർ തന്നെ തയാറാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
55 ഇരുകൈ വിളക്കുകളും 344 ഒറ്റക്കൈ വിളക്കുകളുമാണ് 28 കീലോമീറ്റർ ദൈർഘ്യമുള്ള പാതയിലുള്ളത്. ഇതിൽ 90 ശതമാനവും കേടായിട്ടുണ്ട്. ട്രാഫിക് നിയന്ത്രണത്തിനായി സ്ഥാപിച്ച സിഗ്നൽ വിളക്കുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ കത്തുന്നത്. സൗരോർജ പാനലും ബാറ്ററികളും ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നവയാണ് വിളക്കുകളെല്ലാം.
കൃത്യമായ പരിപാലനം ഇല്ലാത്തതിനാലാണ് തെരുവുവിളക്കുകൾ അകാലചരമം പ്രാപിച്ചതെന്നാണ് ആരോപണം. തൂണുകളും ബാറ്ററിപെട്ടികളുമടക്കം തുരുമ്പെടുത്തു കൊണ്ടിരിക്കുന്നു. സിഗ്നൽ വിളക്കുകളാകട്ടെ വാഹനങ്ങൾ ഇടിച്ചും മറ്റുമാണ് തകർന്നത്. 136 കോടി ചിലവിൽ നിർമിച്ച റോഡിൽ വിളക്കുകൾ സ്ഥാപിക്കാൻ മാത്രം ലക്ഷങ്ങൾ ചിലവഴിച്ചിട്ടുണ്ട്.
നവീകരണത്തോടെ ദേശീയപാത വഴി സഞ്ചരിച്ചിരുന്ന ഇതരസംസ്ഥാനത്തിൽനിന്നുള്ള ചരക്കുവാഹനങ്ങൾ മിക്കവയും ചന്ദ്രഗിരി പാതവഴിയാണ് കടന്നുപോകുന്നത്. ഇത്തരം വാഹനങ്ങൾ തന്നെയാണ് വഴിവിളക്കുകളും, സൂചന ബോർഡുകളും തകർക്കുകയും ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.