വനംവകുപ്പിന് ഭൂമി വിട്ടുനൽകാനുള്ള 26 കുടുംബങ്ങളുടെ തീരുമാനത്തിന് അംഗീകാരം
text_fieldsകാഞ്ഞങ്ങാട്: വനത്തോടു ചേര്‍ന്നുള്ള സ്വകാര്യ ഭൂമികള്‍ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിനുള്ള വനംവകുപ്പിന്റെ ‘നവകിരണം’ പദ്ധതി പ്രകാരം ഭൂമി വിട്ടുനൽകുന്നതിനുള്ള വെള്ളരിക്കുണ്ട് താലൂക്കിലെ 26 കുടുംബങ്ങളുടെ അപേക്ഷകള്‍ക്ക് പരിശോധന സമിതിയുടെ അംഗീകാരം. ഇതില്‍ 21 അപേക്ഷകള്‍ മാലോത്ത് വില്ലേജിലും അഞ്ചെണ്ണം പനത്തടി വില്ലേജിലുമാണ്.
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളാണ് പദ്ധതി പ്രകാരം ഏറ്റെടുക്കുന്നത്. രണ്ടു ഹെക്ടര്‍ (അഞ്ചേക്കര്‍) വരെ ഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും 15 ലക്ഷം രൂപ വീതം വനംവകുപ്പ് നഷ്ടപരിഹാരമായി നല്‍കും. സ്ഥലത്തിന്റെ വിസ്തീര്‍ണമോ വീടുകളുടെയോ കാര്‍ഷിക വിളകളുടെയോ സാന്നിധ്യമോ ഇക്കാര്യത്തില്‍ പരിഗണിക്കില്ല.
മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത മക്കളും ഉള്‍പ്പെടുന്ന ഒരു കുടുംബത്തെ ഒരു യൂനിറ്റായി കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക അനുവദിക്കുന്നത്. പ്രായപൂര്‍ത്തിയായ മക്കളുണ്ടെങ്കില്‍ അതിനനുസരിച്ച് രണ്ടോ അതിലധികമോ യൂണിറ്റുകളായി പരിഗണിച്ച് അവര്‍ക്കും 15 ലക്ഷം രൂപ വീതം അനുവദിക്കും.
അഞ്ചേക്കറിലധികം ഭൂമിയുണ്ടെങ്കില്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥലത്തെ ഒന്നിലധികം യൂനിറ്റുകളായി തിരിച്ച് അപേക്ഷ നല്‍കാവുന്നതാണെങ്കിലും കൂടുതല്‍ സ്ഥലമുള്ളവര്‍ക്ക് പദ്ധതി ലാഭകരമല്ലെന്നാണ് വിലയിരുത്തല്‍. വന്യജീവിശല്യം മൂലം സ്ഥലം വില്പന നടത്താനാകാതെ കഷ്ടപ്പെടുന്നവര്‍ക്ക് പദ്ധതി പ്രയോജനകരമാണ്.
നഷ്ടപരിഹാരത്തുക അനുവദിച്ച് ഒരു മാസത്തിനുള്ളില്‍ സ്ഥലം സര്‍ക്കാറിന് രജിസ്റ്റര്‍ ചെയ്ത് നല്‍കണം. വിട്ടുനല്‍കുന്ന സ്ഥലത്തെ മരങ്ങളൊഴികെ മറ്റെല്ലാം സ്ഥലമുടമക്ക് കൊണ്ടുപോകാം. സ്ഥലം ഒഴിയുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ 25000 രൂപയുടെ അധികസഹായവും വനംവകുപ്പ് അനുവദിക്കും.
വനത്തോടു ചേര്‍ന്നുകിടക്കുന്ന സ്ഥലങ്ങള്‍ മാത്രമാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. ഇത്തവണ പരിഗണിക്കാതെ മാറ്റിവെച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ അടുത്ത യോഗത്തില്‍ പരിഗണിക്കും.
മാലോത്ത് വില്ലേജില്‍ പി.സി.ബേബി, ഷാജുമോന്‍, വി.എ.ദേവസ്യ, സുബ്രഹ്മണ്യ ആചാരി, ടി.കെ. കുഞ്ഞുമോന്, ചിന്നമ്മ (മഞ്ചുച്ചാല്‍), ഷൈനി തോമസ്, വല്‍സല, മാത്യു പോള്‍, മാത്യു എബ്രഹാം, ജോസഫ് പോള്‍, കെ.പി. ഗോപിനാഥന്, എം. അനില്‍ കുമാര്‍, പ്രഭാകരന് (കൊന്നക്കാട്), മോഹനന് (ഭീമനടി), ജോജോ മോന്, ടി.ജി. ചന്ദ്രന് (അശോകച്ചാല്‍), വി.എ. ഷാജി (വള്ളംകോട്), കെ.ടി. സാബു (വള്ളിക്കടവ്).
റോസമ്മ (മാലോം), മായ (തണ്ണിപ്പാറ), പനത്തടി വില്ലേജില്‍ ഇന്ദിരാമ്മ, ശശിധരന് പിള്ള, രാധാകൃഷ്ണ പിള്ള, കെ.എസ്. ഓമനക്കുട്ടന്, ഉണ്ണികൃഷ്ണന് നായര്‍ എന്നിവരുടെ അപേക്ഷകളാണ് കഴിഞ്ഞ ദിവസം അംഗീകരിച്ചത്. ഇതിന്റെ ഇരട്ടിയോളം അപേക്ഷകരുണ്ടായിരുന്നെങ്കിലും മതിയായ രേഖകള്‍ ഹാജരാക്കാത്ത അപേക്ഷകള്‍ തൽക്കാലം മാറ്റിവെക്കുകയായിരുന്നു.
യോഗത്തില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി, ഡി.എഫ്.ഒ. കെ. അഷ്റഫ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.പി. ശ്രീജിത്ത് എന്നിവര്‍ നേരിട്ടും വനംവകുപ്പ് ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ ഓണ്‍ലൈനായും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.