ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനം: സമിതികള്‍ ശക്തിപ്പെടുത്തും -വികസന സമിതി
text_fieldsകാസർകോട്: ജില്ലയിലെ ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലതലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ബഡ്സ് സ്കൂളുകളിലെ പി.ടി.എ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. നബാര്‍ഡ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ബഡ്സ് സ്കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ സമിതികളെ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ബഡ്സ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതിനായി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ല സാമൂഹിക നീതി ഓഫിസറോട് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീർ ചന്ദ് നിർദേശിച്ചു.
ട്രാക്ടർ വേ നിർമിക്കണം
മംഗല്പാടി പഞ്ചായത്തിലെ പച്ചമ്പള-ഹേരൂര്‍ കളഞ്ചായടിയില് ഹെക്ടര്‍ കണക്കിന് നെല്‍വയലിലേക്ക് കാര്‍ഷിക സാമഗ്രികളും മറ്റും എത്തിക്കാന്‍ ആവശ്യമായ വഴിയില്ലാത്തതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്ന് പിന്തിരിയുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ ട്രാക്ടര്‍ വേ നിർമിക്കാനുള്ള നടപടികള്‍ ആവശ്യമാണെന്നും എ.കെ.എം. അഷ്റഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
കേന്ദ്ര പദ്ധതിയായ ആര്.കെ.വൈയിലൂടെ ട്രാക്ടർ വേ നിർമിക്കാമെന്ന് പ്രിന്‍സിപ്പൽ കൃഷി ഓഫിസര്‍ അറിയിച്ചു.
വിദ്യാഭ്യാസ വായ്പ: നാലുലക്ഷം വരെ ഈട് വേണ്ട
നാലുലക്ഷം വരെ വിദ്യാഭ്യാസ വായ്പക്ക് സെക്യൂരിറ്റി ആവശ്യമില്ലെന്നും വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴി അടുത്തുള്ള ബാങ്ക് ശാഖകളിലൂടെ അപേക്ഷിക്കാന്‍ സാധിക്കുമെന്നും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച കെട്ടിട നിർമാണത്തിന്റെ പുരോഗതി സംബന്ധിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ട നടപടിയില്‍ വിഷയം സംബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചു. നേരത്തേ സര്‍വിസ് നടത്തി നിലവില്‍ നിര്‍ത്തിയ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്-സിവില്‍ സ്റ്റേഷന് ബസ് സർവിസ് പുനരാരംഭിക്കണമെന്ന് കെ.എസ്.ആര്.ടി.സിയോട് എം.എല്‍.എ ആവശ്യപ്പെട്ടു.
എഫ്.എച്ച്.സികളില്‍ ഒ.പി ആറുവരെ വേണം
ഉദുമ, ചട്ടംചാല്‍, പള്ളിക്കര, ബന്തടുക്ക എഫ്.എച്ച്.സികളില്‍ വൈകീട്ട് ആറുവരെ ഒ.പി പ്രവര്‍ത്തിപ്പിക്കുന്നതിന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിർദേശിച്ചു.
ചട്ടംചാല്‍, ഉദുമ എഫ്.എച്ച്.സികള്‍ നിലവില്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും മൂന്നാം ഘട്ടത്തില്‍ എഫ്.എച്ച്.സിയായി ഉയര്‍ത്തിയ ബന്തടുക്കയില്‍ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടില്ലെന്നും പള്ളിക്കരയില്‍ ഗ്രാമപഞ്ചായത്ത് ഡോക്ടറെ നിയമിച്ചാല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കാമെന്നും ഡി.എം.ഒ ഡോ. എ.ടി. മനോജ് അറിയിച്ചു.
ക്വട്ടേഷൻ, കള്ളക്കടത്ത് ജാഗ്രത വേണം
മഴക്കെടുതിയിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് അടിയന്തര പ്രാധാന്യം നല്കി പരിഗണിക്കണമെന്ന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ പറഞ്ഞു.
സ്കൂള്‍, കോളജ് പ്രവേശനം സംബന്ധിച്ച് വിദ്യാർഥികള്‍ക്ക് വില്ലേജ്-താലൂക്ക് ഓഫിസുകളില്‍നിന്ന് അനുവദിച്ചുനല്‍കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം
ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് മത്സ്യം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ചതിന്റെ പ്രതിമാസ കണക്കുകള്‍ വികസന സമിതിയില്‍ ഹാജരാക്കണമെന്നും എം. രാജഗോപാലന്‍ എം.എല്‍.എ നിർദേശിച്ചു. ഇതേത്തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം ആകെ നടത്തിയ പരിശോധനകള്‍ 382 എണ്ണമാണെന്നും പരിശോധിച്ച മത്സ്യ സാമ്പിളുകളുടെ എണ്ണം 144 ആണെന്നും മത്സ്യ സാമ്പിളുകള്‍ മായം കണ്ടെത്തിയിട്ടില്ലെന്നും ഫുഡ്സേഫ്റ്റി അസി. കമീഷണര്‍ അറിയിച്ചു.
ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ.പി. വത്സലന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, നീലേശ്വരം നഗരസഭ ചെയര്പേഴ്സൻ ടി.വി. ശാന്ത, എം.പിയുടെ പ്രതിനിധി സാജിദ് മൗവ്വല്‍, എ.ഡി.എം എ.കെ. രമേന്ദ്രന്‍, സബ് കലക്ടര്‍ ഡി.ആര്. മേഘശ്രീ, ആര്.ഡി.ഒ അതുല്‍ സ്വാമിനാഥ, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.