ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
text_fieldsകാഞ്ഞങ്ങാട്: ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോകോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. പാസഞ്ചർ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ് ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിടുകയായിരുന്നു. ലോകോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ഒന്നാം പ്ലാറ്റ് ഫോമിൽ ട്രെയിന് നിർത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.
ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ് പ്ലാറ്റ് ഫോം ഒന്ന്. സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായതായാണ് സൂചന. ഇതോടെ ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾക്ക് പോകാനാകോതെവന്നു.
തുടർന്ന് മറ്റൊരു ട്രാക്കിലൂടെ യാത്ര ട്രെയിനുകളെ കടത്തിവിടുകയായിരുന്നു. പുലർച്ച അഞ്ചിനായിരുന്നു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്. നാലു മണിക്കൂറിനുശേഷം 10ഓടെ മംഗളൂരുവിൽനിന്ന് ലോകോ പൈലറ്റ് എത്തിയാണ് ഗുഡ്സ് ട്രെയിൻ യാത്രതുടർന്നത്.
രാവിലെ നിരവധി ട്രെയിനുകൾക്ക് ട്രാക്ക് മാറി ഓടേണ്ടിവന്നു. വന്ദേഭാരത് അടക്കം സമയം വൈകിയാണ് ഓടിയത്. എടക്കാട് വരെ എത്തേണ്ട ഗുഡ്സ് ട്രെയിനാണ് കാഞ്ഞങ്ങാട് ഒന്നാം ട്രാക്കിൽ നിർത്തിയിട്ടത്. എന്നാൽ, സുരക്ഷാ വീഴ്ചയില്ലെന്ന ന്യായീകരണമാണ് റെയിൽവേയുടേത്.
വീഴ്ചയില്ല -റെയിൽവേ
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടതിൽ സുരക്ഷാവീഴ്ചയില്ലെന്ന് പാലക്കാട് ഡിവിഷൻ റെയിൽവേ. ട്രാക്ക് രണ്ടിലും മൂന്നിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗുഡ്സ് ട്രെയിൻ പ്ലാറ്റ് ഫോം ഒന്നിൽ നിർത്തിയിട്ടത്. അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ താൽക്കാലികമായി വഴിതിരിച്ചുവിട്ട് ഗുഡ്സ് ട്രെയിൻ സർവിസ് തടസ്സമില്ലാതെ ഉറപ്പുവരുത്തുകയായിരുന്നു. ലോകോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ട്രെയിൻ നിർത്തിയിട്ട് പോയതല്ല. നിർദേശം ലഭിച്ചതിനെ തുടർന്നാണ് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ലോകോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോം ട്രെയിനുകൾ സ്വീകരിക്കുന്നതിന് പൂർണമായും പ്രവർത്തനക്ഷമമാണെന്ന് റെയിൽവേ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.