പ്രധാന തടസ്സം നീങ്ങി; കുശാല്‍നഗര്‍ മേൽപാലം ഇനി അതിവേഗം
text_fieldsകാഞ്ഞങ്ങാട്: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന തടസ്സം നീങ്ങിയതോടെ കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ റെയില്‍വേ മേൽപാലം നിർമാണം ഇനി വേഗത്തിലാകും. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ നടപടികളാണ് സിൽവർലൈൻ പദ്ധതിയുടെ പേരിൽ മുടങ്ങിയത്. ഈ വിഷയത്തിൽ തടസ്സം നീങ്ങിയതായി ബന്ധപ്പെട്ടവർ സർക്കാറിന് കത്ത് നൽകി.
മേൽപാലം നിർമാണ അനുമതിക്കായി റെയിൽവേയെ സമീപിച്ചപ്പോഴാണ് ഈ വഴിക്ക് സിൽവർലൈൻ പദ്ധതി വരുന്നുണ്ടെന്നും അതിനാൽ അപേക്ഷ തീർപ്പാക്കാൻ കാലതാമസമുണ്ടാകുമെന്നും അറിഞ്ഞത്.
സിൽവർലൈൻ അലൈൻമെന്റ് പൂര്‍ത്തിയാകാതെ നിർമാണം തുടങ്ങാന്‍ ആവില്ലെന്നും അതിനാൽ അനുമതി നൽകാനാവില്ലെന്നുമായിരുന്നു റെയിൽവേയുടെ നിലപാട്.
ഇതോടെ പദ്ധതിയുടെ തുടര്‍നടപടി പാതിവഴിയിൽ നിലച്ചു. ഈ തടസ്സം നീക്കി കേരള റെയില്‍ ഡെവലപ്മെന്റ് കോർപറേഷന്‍ ലിമിറ്റഡാണ് കേരളത്തിലെ മേൽപാലങ്ങളുടെ ചുതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് കത്ത് നല്‍കിയത്. ഇനി റെയില്‍വേയുടെ അനുമതി മാത്രമാണ് വേണ്ടത്. പ്രധാനതടസ്സം നീങ്ങിയതോടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു.
2020 ഫെബ്രുവരിയിലാണ് മേൽപാലത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 34.71 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചത്. രണ്ട് വരി റോഡും നടപ്പാതയും കൂടിയുള്ള 444.18 മീറ്റര്‍ നീളമുള്ള പാലമാണ് പദ്ധതി. 149 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഒമ്പത് കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടി വരും.
കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയില്‍ ഗതാഗത തടസ്സങ്ങളൊഴിവാക്കുന്ന പ്രവൃത്തിയാണ് കുശാല്‍ നഗര്‍ മേല്‍പാലം പദ്ധതി. കുശാല്‍നഗര്‍, കല്ലൂരാവി, ഹോസ്ദുര്‍ഗ് കടപ്പുറം, പുഞ്ചാവി കടപ്പുറം, ഒഴിഞ്ഞവളപ്പ് തുടങ്ങിയ തീരദേശ വാര്‍ഡുകള്‍ക്ക് നിർദിഷ്ട മേല്‍പാലം പ്രയോജനമാവും. നീലേശ്വരം നഗരസഭയിലെ അഴിത്തല, തൈക്കടപ്പുറം, കണിച്ചിറ, മരക്കാപ്പ് കടപ്പുറം, കടിഞ്ഞിമൂല എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താൻ ഇതുവഴി കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.