കുടുംബശ്രീ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണംകൂടി
text_fieldsകാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിക്കിടയിലും കുടുംബശ്രീ മാട്രിമോണിയിൽ സജീവമാകുന്നു. ജില്ലയിൽ മാട്രിമോണിയൽ സംരംഭം വഴി ഏഴു വിവാഹങ്ങളാണ് നടക്കുവാൻ പോകുന്നത്. കോവിഡിെൻറ പ്രതിസന്ധിയുണ്ടെങ്കിലും ഭാവിയിൽ ഈ സംരംഭം കേരളത്തിൽ വലിയ വിജയമാകുമെന്നതിൽ സംശയമില്ല.
ജില്ലയിൽ ഇതുവരെയായി കുടുംബശ്രീ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തത് 400 പുരുഷന്മാർ. ഇവരിൽ 240ലധികം പേരും 30 വയസ്സിനു മുകളിലുള്ളവർ. രജിസ്റ്റർ ചെയ്തവരിൽ നൂറു പേരിലധികം പേർ 25നും 30നുമിടയിൽ പ്രായമുള്ളവരാണ്. 40 വയസ്സിൽ കൂടുതലുള്ള 21 പേരും രജിസ്റ്റർ ചെയ്തവരിൽപെടും. നൂറു സ്ത്രീകളും മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ജനുവരിയിലാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. നല്ലരീതിയിൽ തന്നെ മുന്നോട്ടുപോകുന്നുണ്ടെന്നും അധികൃതർ പറയുന്നു. നിലവിൽ പുരുഷന്മാർക്കു മാത്രമാണ് രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നത്.
എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് 750 രൂപയും പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് 750 രൂപയും പി.ജി കഴിഞ്ഞവർക്ക് 1500 രൂപയുമാണ് ഫീസ്. വിവാഹം ശരിയായാൽ 15,000 രൂപ നൽകണം. ജില്ലയിൽ മഞ്ചേശ്വരം ബ്ലോക്കിലൊഴികെ 20 പഞ്ചായത്തുകളിൽ നിലവിൽ കുടുംബശ്രീ മാട്രിമോണിയൽ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഓരോ പഞ്ചായത്തുകളിലും രണ്ട് കോഓഡിനേറ്റർമാരാണ് പ്രവർത്തിക്കുന്നത്. കുടുംബശ്രീ നേതൃത്വത്തിലുള്ള അയൽക്കൂട്ടങ്ങളുടെ നെറ്റ്വർക്കാണ് അപേക്ഷകരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുക. താഴേത്തട്ടിൽ ആൾക്കാർ ഇതിനാൽ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്ന് കുടുംബശ്രീ മാട്രിമോണിയൽ ജില്ല ചുമതലക്കാരി സോണിയ ജോൺ പറഞ്ഞു. മാട്രിമോണിയുടെ സംസ്ഥാന തല ആസ്ഥാനം തൃശൂർ ജില്ലയിലാണ്. ജില്ലാ ഓഫിസ് കാഞ്ഞങ്ങാട് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.