ഗതാഗത സൗകര്യമില്ല; രോഗിയെ ആശുപത്രിയിലെത്തിച്ചത് ചുമന്ന്
text_fieldsകാഞ്ഞങ്ങാട്: റോഡ് സൗകര്യമില്ലാത്തതിനെ തുടർന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഏറെദൂരം ചുമന്ന്. കാഞ്ഞങ്ങാട് ടൗണിൽനിന്ന് ഏറെ അകലെയല്ലാത്ത ഇരിയ മുട്ടിച്ചിറ സ്വദേശി ഹംസക്കോയെയാണ് സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽനിന്ന് പ്രധാന റോഡിലേക്ക് ചുമന്ന് എത്തിക്കുകയും ഇവിടെനിന്ന് ആംബുലൻസ് വഴി ജില്ല ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
രോഗിയായ ഭാര്യയും ഹംസക്കോയയും താമസിക്കുന്ന വീട്ടിലേക്ക് ഒരു ഗതാഗത സൗകര്യവുമില്ല. ഇങ്ങനെയൊരു പ്രദേശം നമ്മുടെ നാട്ടിലുണ്ടോ എന്ന് അത്ഭുതപ്പെട്ടുപോകുമെന്നാണ് സ്ഥലത്തെത്തിയ സന്നദ്ധ പ്രവർത്തകർ പറഞ്ഞത്. ഹംസക്കോയക്ക് ഹൃദയസംബന്ധമായ രോഗവും ഭാര്യ അർബുദ രോഗിയുമാണ്. മക്കളില്ലാത്ത ഇവർ സുമനസ്സുകളുടെ സഹായംകൊണ്ടാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. ഇദ്ദേഹമിപ്പോൾ ജില്ല ആശുപത്രിയിൽ കിടത്തി ചികിത്സയിലാണ്. കൂട്ടിരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിലാണ്.
ഈ പ്രദേശം ഗതാഗതയോഗ്യമാക്കണമെന്ന് പലതവണ വാർഡ് മെംബറോടും പുല്ലൂർ-പെരിയ പഞ്ചായത്തിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമായില്ല. അധികാരികളുടെ കണ്ണ് എന്ന് തുറക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ആരോരുമില്ലാത്ത ഇവർക്ക് അധികാരികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.