നാടിെന്റ ഉറക്കം കെടുത്തി പിടിച്ചുപറി സംഘം വിലസുന്നു
text_fieldsകാഞ്ഞങ്ങാട്: നാടിന്റെയാകെ ഉറക്കം കെടുത്തി വിലസുന്ന പിടിച്ചുപറി സംഘത്തെ വലയിലാക്കാനാവാതെ പൊലീസ്. ഒരു മാസത്തിനിടെ പത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ പിടിച്ചുപറി ശ്രമമുണ്ടായി. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാനായിരുന്നു ശ്രമം. പൊയിനാച്ചിയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദേളി ഉലൂജി അരമങ്ങാനം ഹൗസിൽ വി. ലേഖ (21)യുടെ മാലയാണ് സ്കൂട്ടറിലെത്തിയ യുവാവ് പൊട്ടിക്കാൻ ശ്രമിച്ചത്. ഈ സമയത്ത് ഒരു ഓട്ടോ വന്നതിനാൽ ശ്രമം വിഫലമാവുകയായിരുന്നു. മാലയുടെ ഒരു ഭാഗം ലേഖ മുറുകെ പിടിച്ചതിനാൽ നഷ്ടപ്പെട്ടില്ല. ഇതോടെ യുവാവ് രക്ഷപ്പെട്ടു.
മേൽപറമ്പ് ഭാഗത്തുനിന്നാണ് യുവാവ് മങ്ങിയ വെളുത്ത നിറമുള്ള സ്കൂട്ടറിൽ എത്തിയത്. കറുത്ത ഷർട്ടാണ് ധരിച്ചിരുന്നത്. ഈ സമയത്ത് പ്രദേശത്ത് ആളുകൾ കുറവായതിനാൽ ഇയാൾക്ക് രക്ഷപ്പെടാൻ എളുപ്പമായി. ലേഖ ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. ഇവരുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മടിക്കൈയിലും മാലപൊട്ടിക്കാൻ ശ്രമമുണ്ടായി.
എരിക്കുളത്ത് വീട്ടുമുറ്റത്തുനിന്നാണ് വീട്ടമ്മയുടെ സ്വർണമാല പൊട്ടിക്കാൻ നോക്കിയത്. വൈകീട്ടാണ് സംഭവം. മകൻ പുഷ്കരാക്ഷന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആഭരണം ധരിച്ച് വീട്ടമ്മമാർക്ക് പുറത്തിറങ്ങാൻ കഴിയാതെയായി. സി.സി.ടി.വി കാമറ ദൃശ്യമുൾപ്പെടെ പൊലീസിന് ലഭിക്കുന്നുണ്ടെങ്കിലും നാടിന്റെയാകെ ഉറക്കം കെടുത്തുന്ന പിടിച്ചുപറി സംഘത്തെ കണ്ടെത്താനാകുന്നില്ല.
പിടിച്ചുപറികൾ മിക്കതും ജനവാസ പ്രദേശങ്ങളിലും പട്ടാപ്പകലുമാണ്. ഒരു ദിവസം ഒരു പിടിച്ചുപറി എന്ന നിലയിലേക്ക് എന്ന അവസ്ഥയിലായിട്ടും ഈ സംഘത്തിന് എന്ന് വിലങ്ങ് വീഴുമെന്നതാണ് നാട്ടുകാരുടെ ചോദ്യം. പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.