തൃക്കരിപ്പൂരിലെ റവന്യൂ–പുഴ പുറമ്പോക്കുകൾ അളന്നു തിട്ടപ്പെടുത്തണം
text_fieldsകാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ റവന്യൂ പുറമ്പോക്കും പുഴ പുറമ്പോക്കും അളന്നു തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ.
അടിയന്തരമായി ഈ വിഷയത്തില്‍ നടപടി ഉണ്ടാകണമെന്നും 10 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും എം.എല്‍.എ നിർദേശിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസ്ഥലങ്ങളിലും സ്വകാര്യ ഭൂമിയിലും വ്യാപകമായി വളരുന്ന അക്കേഷ്യ മരം മണ്ണിലെ ജലാംശം വലിച്ചെടുക്കുകയും പല തരത്തിലുള്ള ശ്വസന സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നതിനാല്‍ എത്രയും വേഗത്തില്‍ ഈ മരങ്ങളൊക്കെ മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിന്റെ തുടര്‍ നടപടികള്‍ അവലോകനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്സൻ കെ.വി. സുജാത ഉന്നയിച്ച കുന്നുമ്മല്‍ അയ്യപ്പക്ഷേത്രത്തിനടുത്ത് പി.ഡബ്ല്യു.ഡി റോഡില്‍ ഉണ്ടായ പൈപ്പ്ലൈന് തകരാര്‍ പരിഹരിച്ചിട്ടുണ്ടെന്നും കുഴിയെടുത്ത ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതിനുള്ള നടപടി മഴക്കാലം കഴിഞ്ഞ ഉടൻ സ്വീകരിക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സ്റ്റേഡിയം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മടിക്കൈ വില്ലേജില്‍പ്പെട്ട അഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിക്കണമെന്നും യോഗം നിർദേശിച്ചു.
വലിയപറമ്പ് ഗ്രാമപഞ്ചായത്തില്‍ മണലെടുപ്പ് ഭീകരമായ രീതിയില്‍ തുടരുന്നുണ്ടെന്നും പോര്‍ട്ടിന്റെ ഭാഗമായി അനുവദിച്ച സ്ഥലത്ത് നിന്നല്ല മണല്‍ എടുക്കുന്നതെന്നും പുഴയോരത്തുള്ള റോഡ് ഒലിച്ചുപോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന് പറഞ്ഞു. വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ മാവിലാ കടപ്പുറം ഫിഷർമെന്‍ കോളനിയില്‍ പട്ടയം അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ ചാലിങ്കല്‍ കുടുംബക്ഷേമ കേന്ദ്രം നാഷണല്‍ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് പൊളിച്ചു നീക്കിയിട്ടുള്ളതാണെന്നും എന്നാല്‍, പുതിയ സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കുടുംബ ക്ഷേമ കേന്ദ്രത്തിനു വേണ്ടി കെട്ടിടം നിർമിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് യോഗത്തില്‍ പറഞ്ഞു.
നിർമാണാവശ്യത്തിനുള്ള ഫണ്ട് ലഭ്യമായിട്ടുണ്ട്. ആയതിനാല്‍ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.