ടാങ്കർ ലോറിയിലെത്തിച്ച മലിനജലം നടുറോഡിൽ ഒഴുക്കി
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ മലിനജലം ഒഴുക്കിയ ടാങ്കർ ലോറി പിടിയിൽ. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. ടാങ്കർ നിറയെ മലിനജലമുണ്ടായിരുന്നു. അസഹ്യമായ ദുർഗന്ധം പരത്തുന്ന ജലമായിരുന്നു ഇത്. നടുറോഡിൽ മാലിന്യമൊഴുക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ ചേർന്നാണ് ടാങ്കർ ലോറി പിടികൂടിയത്. പിന്നീട് ഹോസ്ദുർഗ് പൊലീസിന് കൈമാറി.
ദുർഗന്ധം മൂലം ഇതുവഴി സഞ്ചരിക്കാനാവാത്ത അവസ്ഥയായി. വ്യാപാരികളടക്കം നേരം പുലർന്നപ്പോൾ പൊറുതിമുട്ടി. കോട്ടച്ചേരി ട്രാഫിക് സർക്കിൾ വരെ ദുർഗന്ധം പരന്നതോടെ ഈ ഭാഗത്തെ കച്ചവടക്കാരും പ്രതിസന്ധിയിലായി. ടാങ്കർ കസ്റ്റഡിയിലെടുത്ത ശേഷം ഡ്രൈവർക്കെതിരെ ബോധപൂർവം പകർച്ചവ്യാധിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഇതിനുശേഷം വാഹന ഉടമയെ വിളിച്ചു വരുത്തി റോഡരികിൽ തളംകെട്ടിയ മലിനജലം തിരികെയെടുപ്പിച്ചു. ഇവരെക്കൊണ്ട് തന്നെ മാലിന്യമൊഴുകിയ ഭാഗത്തെ റോഡു മുഴുവൻ വെള്ളമടിച്ച് കഴുകി വൃത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.