കേന്ദ്രത്തിലെ പിളർപ്പ് കാസർകോട് ജില്ലയിലെ എൻ.സി.പിയിലും
text_fieldsകാഞ്ഞങ്ങാട്: മൂന്ന് മാസം മുൻപ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പാർട്ടിയിൽനിന്ന് പുറത്താക്കിയ വസന്തകുമാർ കാട്ടുകുളങ്ങരയെ ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പുറത്താക്കിയ നടപടി റദ്ദാക്കി. വസന്തകുമാർ കാട്ടുകുളങ്ങരയെ ജില്ല വർക്കിങ് പ്രസിഡൻറായി നോമിനേറ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ എൻ.സി.പി ജില്ലയിലും രണ്ട് തട്ടിലായി.എൻ.സി.പി ജില്ല കൺവെൻഷൻ നവംബർ അഞ്ചിന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടത്താൻ പി.സി. ചാക്കോ നയിക്കുന്ന സംസ്ഥാന എൻ.സി.പിയുടെ വിരുദ്ധ വിഭാഗം തീരുമാനിച്ചു. ജില്ല കൺവെൻഷൻ ദേശീയ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. പ്രധാനപ്പെട്ട സംസ്ഥാന നേതാക്കളും ജില്ല നേതാക്കളെയും കൺവെൻഷനിൽ പങ്കെടുപ്പിക്കുമെന്ന് ജില്ല കോഓഡിനേഷൻ കമ്മിറ്റിയിൽ തീരുമാനമായി.
14 ജില്ലകളിലും നടക്കുന്ന ജില്ല കൺവെൻഷനുശേഷം നവംബർ അവസാനവാരം എറണാകുളത്ത് സംസ്ഥാന കൺവെൻഷനും നടക്കും. സംസ്ഥാന കൺവെൻഷൻ ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഉദ്ഘാടനം ചെയ്യും.
അജിത് പവാർ അടക്കമുള്ള ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പങ്കെടുക്കും. ചൊവ്വാഴ്ച നടന്ന ജില്ല കോഓഡിനേഷൻ കമ്മിറ്റിയിൽ ജില്ല വർക്കിങ് പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര, സതീഷ് പുദുച്ചേരി, എൻ.വി. ചന്ദ്രൻ, ഇ .ടി. മത്തായി, പി. അപ്പൂഞ്ഞി ആനപ്പെട്ടി, സുനിൽ ഒടയൻഞ്ചാൽ, മനോജ് രാവണീശ്വരം, കൃഷ്ണനുണ്ണി തുടങ്ങിയവർ സംബന്ധിച്ചു.
പാർട്ടിയിൽ അടുത്തിടെയുണ്ടായ വിവാദ വിഷയത്തിൽ വനിത നേതാവ് ഉന്നയിച്ച പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ടതിനാണ് സംസ്ഥാന നേതൃത്വം തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്നാണ് വസന്തകുമാർ പറഞ്ഞത്.
പി.സി. ചാക്കോയുടെ നടപടിക്കെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും എൻ.ഡി.എ മുന്നണിക്കൊപ്പംചേർന്ന അജിത് പവാർ, പ്രഫുൽ പട്ടേൽ വിഭാഗം പി.സി. ചാക്കോയുടെ തീരുമാനംതള്ളി വസന്തകുമാറിനെതിരിച്ചെടുത്ത് പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി നിയമിക്കുകയായിരുന്നു.
പി.സി. ചാക്കോ നേതൃത്വം നൽകുന്ന സംസ്ഥാന നേതൃത്വവും അദ്ദേഹത്തിനൊപ്പമുള്ള കാസർകോട് ജില്ല നേതൃത്വവും ശരത്ത് പവാറിനൊപ്പമാണ്. തങ്ങളാണ് ഔദ്യോഗിക എൻ.സി.പിയെന്നവകാശപ്പെട്ടാണ് വസന്തകുമാർ ഉൾപ്പെടെയുള്ളവർ കാഞ്ഞങ്ങാട്ട് കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുള്ളത്.
സംസ്ഥാന നേതൃത്വം പുറത്താക്കിയ വസന്തകുമാറിനെ തിരിച്ചെടുത്ത് വർക്കിങ് പ്രസിഡൻറാക്കിയ പ്രഫുൽ പട്ടേൽ വിഭാഗത്തിന്റെ തീരുമാനത്തിനെതിരെ കരീം ചന്തേര യുടെ നേതൃത്വത്തിലുള്ള എൻ.സി.പി ജില്ല നേതൃത്വത്തിന്റെ പ്രതികരണം അടുത്ത ദിവസമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.