വിദ്യാർഥിനിയുടെ ആത്മഹത്യശ്രമം; ആളിക്കത്തി യുവജന പ്രതിഷേധം
text_fieldsകാഞ്ഞങ്ങാട്: മൻസൂർ സ്കൂൾ ഓഫ് നഴ്സിങ് വിദ്യാർഥിനി ചൈതന്യ കുമാരിയുടെ ഹോസ്റ്റൽ മുറിയിലെ ആത്മഹത്യശ്രമത്തിൽ ആശുപത്രിക്കെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം ആളിക്കത്തി. വൻ പൊലീസ് സംഘത്തെ തിങ്കളാഴ്ച രാവിലെ മുതൽ ആശുപത്രിക്ക് കാവലായി നിയോഗിച്ചിരുന്നു. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്ന പൊലീസ് സന്നാഹം എന്തിനും തയാറായി നിലയുറപ്പിച്ചു.
രാവിലെ മുതൽ തുടർച്ചയായി യുവജനസംഘടനകൾ പ്രതിഷേധ പ്രകടനങ്ങളുമായെത്തിയതോടെ വൻ സംഘർഷമായി. ലാത്തിച്ചാർജിൽ നേതാക്കൾക്കടക്കം ഗുരുതരമായി പരിക്കുപറ്റി. ആശുപത്രിക്ക് പ്രത്യേക സുരക്ഷ ഒരുക്കേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ കടുത്ത നടപടി.
ആശുപത്രിക്കുള്ള കാവൽ പൊലീസ് തുടരുന്നുണ്ട്. കാഞ്ഞങ്ങാട് ടൗണിൽനിന്ന് എസ്.എഫ്.ഐ പ്രവർത്തകരായിരുന്നു ആദ്യം തെക്കേപ്പുറത്തെ ആശുപത്രിയിലേക്ക് പ്രകടനവുമായെത്തിയത്. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമെത്തി.
രണ്ട് പ്രതിഷേധങ്ങളും വലിയ സംഘർഷത്തിൽ കലാശിച്ചു. വൈകീട്ട് യുവമോർച്ച പ്രവർത്തകരുമെത്തി. ആശുപത്രിക്ക് പിന്നിലൂടെ കയറിയ യുവമോർച്ച പ്രവർത്തകർ കോമ്പൗണ്ടിനുള്ളിലെത്തിയതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധപരിപാടി നടത്താത്തത് ശ്രദ്ധിക്കപ്പെട്ടു.
കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ 15 കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ജില്ല പഞ്ചായത്തംഗം ജോമോൻ ജോസ് അടക്കമുള്ളവർക്കെതിരെയാണ് കേസ്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും ആശുപത്രിയിൽ തടസ്സമുണ്ടാക്കിയതിനുമുൾപ്പെടെയാണ് കേസ്.
"അന്വേഷണം നടത്തണം"
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യശ്രമം നടത്തി ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിലുള്ള വിഷയത്തിൽ കുറ്റമറ്റനിലയിൽ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്ന് മുസ് ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ, ജന. സെക്രട്ടറി റമീസ് ആറങ്ങാടി എന്നിവർ ആവശ്യപ്പെട്ടു.
ആശുപത്രിക്ക് മുന്നിൽനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിക്ക് മുന്നിൽനിന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്താരി ചാമുണ്ഡിക്കുന്നിലെ മുഹമ്മദ് ഹനീഫ അബ്ദുറഹീമിനെയാണ് (44) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ടാണ് അറസ്റ്റ്. നഴ്സിങ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം.
ബ്ലോഗറാണെന്നും ഈ ആശുപത്രി തകർക്കാൻ വന്നതാണെന്നും പറഞ്ഞ് സംഘർഷമുണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ബലംപ്രയോഗിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചത്.
എ.ബി.വി.പി മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തിവീശി
കാഞ്ഞങ്ങാട്: നഴ്സിങ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതിൽ ആശുപത്രിക്കെതിരെ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവർത്തകർ തിങ്കളാഴ്ച വൈകീട്ട് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിലും സംഘർഷം. ആശുപത്രിവളപ്പിലേക്ക് യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യവുമായി കയറി. പിന്നാലെ ലാത്തിവീശിയത്. പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിക്കുള്ളിലേക്ക് കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ പിടികൂടി.
75 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ 75 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. സംഘർഷത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപിച്ചതിന് ഉൾപ്പെടെയാണ് കേസ്. ചീമേനി എസ്.ഐ വി.കെ. സുരേഷൻ, നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് (39), ഹോസ്ദുർഗിലെ സിവിൽ ഓഫിസർ വിനീഷ് (34), ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.
എസ്.എഫ്.ഐ പ്രവർത്തകരായ അനുരാജ്, അഭിൻചന്ദ്, ഇമ്മാനുവൽ, വിഷ്ണു, കൃഷി ത, പ്രണവ്, അഭിനാൻ, പ്രവീഷ, അനുരാഗ് പുല്ലൂർ, അജിത് ചന്ദ്രൻ, കാർത്തിക് അടക്കമുള്ളവർക്കെതിരെയാണ് കേസ്. പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
കെ. എസ്.യു-യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ കൈ എല്ലുപൊട്ടി പരിക്കേറ്റ എ.എസ്.ഐ സക്കീനത്താവിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് എ.ബി.വി.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ അഞ്ച് എ.ബി.വി.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ചെർക്കളയിലെ മനോജ് കുമാർ (24), മാണിക്കോത്തെ പ്രാണിത് ചന്ദ്രൻ (20), കുറ്റിക്കോലിലെ ശിവദാസ് (24), തിരുവനന്തപുരം സ്വദേശി അഭിൻ (21), ഒഴിഞ്ഞവളപ്പിലെ വിഷ്ണു (23) എന്നിവർക്കെതിരെയാണ് കേസ്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും ആശുപത്രിയിൽ മാർഗ തടസസമുണ്ടാക്കിയതിനുമാണ് കേസ്.
ഒടുവിൽ വാർഡനെ മാറ്റി
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലെ വിദ്യാർഥിനിയുടെ ആത്മഹത്യശ്രമത്തെ തുടർന്ന് മൻസൂർ സ്കൂൾ ഓഫ് നഴ്സിങ്ങിൽനിന്ന് ആരോപണവിധേയയായ വാർഡനെ ഒടുവിൽ മാറ്റി.
വാർഡനെ തൽക്കാലത്തേക്ക് മാറ്റിനിർത്തിയെന്ന് ആശുപത്രി എം.ഡി. ഷംസുദ്ദീൻ പറഞ്ഞു. തുടർനടപടികൾ ഉണ്ടാകുമെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
ഇതിനിടെ വാർഡനെതിരെ സഹപാഠികളും പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിൽ പരാതി നൽകി. പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതിൽ വാർഡന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ-യുവജന പ്രതിനിധികൾ പങ്കെടുത്തു. ഈ യോഗത്തിലാണ് വാർഡനെതിരെ പരാതി നൽകിയത്. കേസ് ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേതാക്കൾക്ക് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.