കല്ലപ്പള്ളിയിൽ പുലിഭീഷണി; പശുക്കിടാവിനെ കൊന്നു
text_fieldsകാഞ്ഞങ്ങാട്: തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. പാണത്തൂർ കല്ലപ്പള്ളി ദോഡമന ചന്ദ്രശേഖരയുടെ ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് പുലി കൊന്നത്. തൊഴുത്തിൽ കടിച്ചുകൊന്ന നിലയിൽ ബുധനാഴ്ച രാവിലെ കാണുകയായിരുന്നു. ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. അടുത്തിടെയായി ജനവാസ മേഖലകളിൽ പുലി തുടർച്ചയായി പ്രത്യക്ഷപ്പെടുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തതോടെ പ്രദേശവാസികൾ ഭീതിയിലായി. മൂന്നു പശുക്കളായിരുന്നു തൊഴുത്തിലുണ്ടായിരുന്നത്. മറ്റു പശുക്കൾക്ക് പരിക്കില്ല. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. പശുക്കിടാവിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്ത് സംസ്കരിച്ചു.
ആഴ്ചകൾക്കുമുമ്പ് ഈ ഭാഗത്ത് വളർത്തുനായെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു. തോട്ടത്തിൽനിന്നായിരുന്നു നായെ പിടിച്ചുകൊണ്ടുപോയത്. നായെ പുലി പിടിച്ച വീടിന്റെ പരിസരത്ത് വനപാലകർ സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നുവെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് പുലി വന്നില്ല. പരിയാരം ഭാഗത്ത് പലതവണ പുലിയെ നാട്ടുകാർ കണ്ടിരുന്നു. ഇവിടെയും കാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
പരിയാരത്ത് ഒരുമാസം മുമ്പ് റബർ തോട്ടത്തിൽ പുലിയെ കണ്ടിരുന്നു. കർണാടക വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണിവിടം. വനത്തിൽ വർഷങ്ങൾക്ക് മുമ്പുതന്നെ പുലികളുടെ സാന്നിധ്യമുള്ളതായി വനപാലകർ സ്ഥിരീകരിച്ചിരുന്നു. വനത്തിന്റെ അതിർത്തി ഗ്രാമങ്ങളിലെ കുറ്റിക്കാടുകളിലും തോട്ടങ്ങളിലും ഇടക്ക് പുലികളെ കാണാറുണ്ട്. എന്നാൽ, മനുഷ്യരെയോ വളർത്തുമൃഗങ്ങളെയോ ആക്രമിച്ചിരുന്നില്ല. പുലിയുടെ ഉപദ്രവമില്ലാത്തതിനാൽ ഇതുവരെ കൂടുകൾ സ്ഥാപിച്ചിരുന്നില്ല.വളർത്തുമൃഗങ്ങളെ പിടിച്ചുതുടങ്ങിയതോടെ വനപാലകർ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കും. പശുക്കിടാവിനെ കൊന്ന കല്ലപ്പള്ളിയിലെ വീട്ടുപരിസരത്ത് വനപാലകർ സി.സി.ടി.വി കാമറ സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.