പുലിഭീതി ഒഴിയുന്നില്ല; കല്ലപ്പള്ളിയിലെ തോട്ടത്തിൽനിന്ന് വളർത്തുനായെ പുലിപിടിച്ചു
text_fieldsകാഞ്ഞങ്ങാട്: പാണത്തൂരിനു സമീപം വീണ്ടും പുലിയിറങ്ങി. കല്ലപ്പള്ളിയിലെ വീട്ടിൽനിന്ന് വളർത്തുനായെ പുലി കൊണ്ടുപോയി. കല്ലപ്പള്ളിയിലെ എം.എസ്. ഭരതന്റെ വീട്ടിലെ നായെയാണ് പിടിച്ചത്. ചൊവ്വാഴ്ച രാത്രി അഴിച്ചുവിട്ട നായെ പുലി പിടികൂടുകയായിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ തോട്ടത്തിൽനിന്നാണ് മൂന്ന് വളർത്തുനായ്ക്കളിൽ ഒന്നിനെ കൊണ്ടുപോയത്. നായുമായി പുലി സമീപത്തെ വനത്തിലേക്ക് കടന്നു. അർധരാത്രി നായ്ക്കൾ അസാധാരണമായി കുരക്കുന്നത് വീട്ടുകാർ അറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നിനെ കാണാനില്ലെന്ന് മനസ്സിലായി. തുടർന്ന് വനപാലകരെ വിവരമറിയിച്ചു.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി. സേസപ്പയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപപ്രദേശം വനമേഖലയായതിനാൽ പുലി അടുത്ത ദിവസങ്ങളിലും ഈ ഭാഗത്ത് എത്താൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് വനപാലകർ വീടിനുസമീപം സി.സി.ടി വി കാമറ സ്ഥാപിച്ചു. കാമറയിൽ പുലി കുടുങ്ങിയാൽ കൂട് ഉൾപ്പെടെ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭരതന്റെ വീട്ടിൽ സി.സി.ടി.വി ഉണ്ടെങ്കിലും നായെ പിടിച്ചത് തോട്ടത്തിൽ നിന്നുമായതിനാൽ ദൃശ്യം ലഭിച്ചില്ല.
പാണത്തൂരിന്റെ സമീപ പ്രദേശങ്ങളിൽ ദിവസങ്ങളായി പുലി സാന്നിധ്യമുണ്ട്. പരിയാരം ആര്യങ്ങാനം റോഡിൽ തിങ്കളാഴ്ച രാത്രി പുലിയെ കണ്ടിരുന്നു. ഇവിടെനിന്ന് 10 കിലോമീറ്റർ അകലെയുള്ള കല്ലപ്പള്ളിയിൽ നിന്നുമാണ് പുലി വളർത്തുനായെ പിടികൂടിയത്. പരിയാരം ഭാഗത്ത് മാസം മുമ്പും പുലിയെ കണ്ടിരുന്നു. ഇതാദ്യമായാണ് പുലി വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.