യാത്രാപ്രശ്നം രൂക്ഷം; മലയോരത്ത് വേണം കെ.എസ്.ആർ.ടി.സി
text_fieldsകാഞ്ഞങ്ങാട്: ദേശീയപാതയിൽ അഞ്ചുമിനിറ്റിൽ താഴെ ഇടവേളകളിൽ ബസുകൾ ഓടുമ്പോൾ മലയോര മേഖലകളിൽ രൂക്ഷമായ യാത്രാക്ലേശം. സാധ്യതാ പഠനം നടത്തി മലയോര മേഖലയിലെ യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ റൂട്ടും, സമയവും ക്രമീകരിക്കാതെ ഒമ്പതു ദിവസം ഓടിയ ബസ് മലയോര മേഖലയിലുള്ള ജനങ്ങൾ ബസ് ഓടുന്ന വിവരം അറിയുന്നതിന് മുമ്പ്തന്നെ റൂട്ട് മാറ്റി. ദേശീയപാതയിൽ ട്രെയിനിന് സമാന്തരമായി മൂന്ന് ബസുകളും ഒരേ റൂട്ടിൽ ഓടാൻ തുടങ്ങി.
എക്സ്പ്രസ് ട്രെയിനുകളിൽ മൂന്നു മണിക്കൂർ കൊണ്ട് കോഴിക്കോട്ടേക്ക് എത്തുമ്പോൾ വന്ദേഭാരത് പോലുള്ള ട്രെയിനുകളിൽ രണ്ടുമണിക്കൂർ മാത്രം മതി. ഇത്തരത്തിൽ ട്രെയിനുകളുടെ എണ്ണം വർധിക്കുമ്പോൾ
കെ.എസ്.ആർ.ടി.സി ദേശീയപാതയിൽ മാത്രം സർവിസ് നടത്തുന്നത് പ്രഹസനമായി. മലയോര മേഖലയിൽ നിന്ന് ദേശീയ പാതയിലെ പ്രധാന ടൗണുകളുമായി ബന്ധിപ്പിച്ച് കൂടുതൽ സർവിസുകൾ വേണമെന്നാണ് മലയോര നിവാസികളുടെ ആവശ്യം. കാസർകോട് ഭാഗത്തേക്ക് സർവിസ് നടത്തിയ മൂന്നുബസുകളും ഗുരുവായൂർ വഴി തൃശൂർക്ക് പോകുന്ന രീതിയിൽ ആണ് ഇപ്പോൾ ഓടുന്നത്.
കൊന്നക്കാട്, പാണത്തൂർ, ബന്തടുക്ക പോലുള്ള കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്ന് വയനാടുമായി ബന്ധിപ്പിച്ചും വരുമാനം ലഭിക്കുന്ന റൂട്ടിലൂടെ കോഴിക്കോട്, ഗുരുവായൂർ, താമരശ്ശേരി, നിലമ്പൂർ മേഖലയിലേക്കും, മലയോര മേഖലയിൽ നിന്ന് കൂടുതൽ ഇൻറർ സ്റ്റേറ്റ് മംഗളൂരു സർവിസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു എം.എൽ.എ മുഖേന ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
കോവിഡിന് മുമ്പ് സർവിസ് നടത്തിയ ബസുകൾ പുനരാരംഭിക്കുക, മലയോര മേഖലയിലേക്ക് കൂടുതൽ ജനോപകാരപ്രദമായ ട്രിപ്പുകൾ ക്രമീകരിക്കുക എന്നീ ആവശ്യങ്ങൾ വെള്ളരിക്കുണ്ട് വികസനസമിതിയും ഉന്നയിച്ചു.
സമയനിഷ്ഠ പാലിച്ചു ജനോപകാര പ്രദമായ രീതിയിൽ റൂട്ടും, സമയവും ക്രമീകരിച്ച് സർവിസ് നടത്തിയാൽ പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, മട്ടന്നൂർ, ഇരിട്ടി, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട്, പരപ്പ, ചുള്ളിക്കര, കുറ്റിക്കോൽ തുടങ്ങി 70 ൽ പരം മലയോര ടൗണുകൾക്ക് ഉപകാരപ്രദമായി മാറും.
വയനാട് ജില്ലയെ ബന്ധപ്പെടുത്തിയും, തലശ്ശേരി, തളിപ്പറമ്പ്, ആലക്കോട് വഴിയും, ശ്രീകണ്ഠപുരം, ഇരിക്കൂർ, അഞ്ചരക്കണ്ടി, പിണറായി വഴിയും കൂടുതൽ സർവിസുകൾ അനുവദിക്കണം. ബസിനെ മാത്രം ആശ്രയിക്കുന്ന മലയോര മേഖലയെ കൂടുതൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.