കേസുകളിൽനിന്ന് ഒഴിവാകാൻ അവസരം നൽകി വാഹന വകുപ്പ്
text_fieldsകാഞ്ഞങ്ങാട്: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ നടത്തി പിഴ അടക്കാത്തവര്‍ക്ക് പിഴ അടക്കാന്‍ അവസരം. നിയമലംഘനങ്ങള്‍ നടത്തിയ കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും റെഗുലര്‍ കോടതികളിലേക്കും പോയവര്‍ക്കാണ് കേസുകള്‍ പിൻവലിച്ച് പിഴ അടക്കാൻ അവസരം. കേസുകള്‍ കോടതിയിലേക്ക് എത്തിയാല്‍ ആവശ്യമായ സമയത്ത് പിഴ അടക്കാന്‍ കഴിയാതെ വരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കഴിയാതെ വരുന്നു. തുടര്‍ന്ന് പരാതികള്‍ ഉയരുന്ന ഘട്ടത്തിലാണ് താൽകാലിക പരിഹാരത്തിനു അവസരം നല്‍കിയിരിക്കുന്നത്.
പരാതികള്‍ പരിഗണിച്ച് ഇത്തരം കേസുകള്‍ പിൻവലിച്ച് പിഴ അടക്കാന്‍ താല്കാലികമായി അനുവദിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹന ഉടമകള്‍ അവസരം ഉപയോഗപ്പെടുത്തി പിഴ അടച്ചാല്‍ തുടര്‍ന്നുള്ള കോടതി നടപടികളില്‍നിന്ന് ഒഴിവാകും. നിയമലംഘനം കണ്ടെത്തി കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ പിഴ അടക്കാൻ തയാറാണ് എന്നും കോടതി നടപടികള്‍ പിൻവലിക്കണമെന്നും രേഖപ്പെടുത്തിയ അപേക്ഷ നല്‍കണം.
തുടര്‍ന്ന് കോടതിയിലുള്ള കേസ് പിന്‍വലിച്ച് ഓണ്‍ലൈനായി പിഴ അടക്കാനുള്ള സൗകര്യം ലഭിക്കും. ഇ-ചെലാൻ വഴി മോട്ടോര്‍ വാഹന വകുപ്പും പൊലീസും തയാറാക്കിയ കേസുകളില്‍ യഥാസമയം പിഴ അടക്കാത്ത കേസുകള്‍ 30 ദിവസങ്ങള്‍ക്കു ശേഷമാണ് വെര്‍ച്വല്‍ കോടതിയിലേക്ക് അയക്കുന്നത്. 60 ദിവസങ്ങള്‍ക്കു ശേഷം കേസുകള്‍ റെഗുലര്‍ കോടതിയിലേക്കും അയക്കും. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വാഹന ഉടമകള്‍ക്ക് പിഴ അടക്കാൻ കഴിയുന്നില്ല. തുടര്‍ന്ന് വാഹനങ്ങളുടെ വിവിധങ്ങളായ സര്‍വിസുകള്‍ക്കും തടസ്സം ഉണ്ടാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.