രാപ്പകൽ വ്യത്യാസമില്ലാതെ മോഷണം; ജനം ആശങ്കയിൽ
text_fieldsകാഞ്ഞങ്ങാട്: ജില്ല കേന്ദ്രീകരിച്ച് കവർച്ച സംഘങ്ങൾ പിടിമുറുക്കിയത് ആശങ്ക വർധിപ്പിക്കുന്നു. ഒരു ഇടവേളക്ക് ശേഷമാണ് തുടർച്ചയായ കവർച്ചകൾ നടക്കുന്നത്. മോഷണരീതിയിലും മാറ്റം വരികയാണ്. ജനവാസ ഇടങ്ങളിൽ പട്ടാപ്പകൽ വീട്കയറിയുള്ള കവർച്ചകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പകൽനേരങ്ങളിലെ കവർച്ചയാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ കൂടുതലും. കാഞ്ഞങ്ങാട് ബസിൽനിന്ന് യാത്രക്കാരിയുടെ ആറരപവൻ സ്വർണാഭരണങ്ങൾ കവർന്നത് കഴിഞ്ഞദിവസം പകലാണ്.
നീലേശ്വരത്ത് വീടുകുത്തിത്തുറന്ന് 17 പവൻ സ്വർണവും പണവും കവർന്നതും പട്ടാപ്പകലാണ്. നീലേശ്വരത്ത് കവർച്ച നടത്തിയ കൊട്ടാരക്കര സ്വദേശിയെ പൊലീസിന് പിടികൂടാനായി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കവർച്ചാസംഘങ്ങൾ ജില്ലയിൽ തമ്പടിച്ചതായും ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള ബസ് യാത്രക്കിടെയാണ് മാവിച്ചേരിയിലെ പ്രസാദിന്റെ ഭാര്യ ഉദയമ്മയുടെ ബാഗിൽനിന്ന് ആഭരണം കവർന്നത്. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നു.
നീലേശ്വരം, ചിറപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ ഏരിയ സെക്രട്ടറി ഒ.വി. രവീന്ദ്രന്റെ വീട്ടിൽ കവർച്ച നടന്നിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കൊട്ടാരക്കര എഴുകോൺ സ്വദേശി അഭിരാജിനെ കോഴിക്കോട്ടുവെച്ച് നീലേശ്വരം പൊലീസ് പിടികൂടിയിരുന്നു. മോഷ്ടാവിന്റെ വ്യക്തമായ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ എളുപ്പം പിടികൂടാൻ പൊലീസിന് സഹായമായത്.
മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തു. ജില്ല കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ വൻ കവർച്ച സംഘങ്ങൾ തമ്പടിച്ചതായ റിപ്പോർട്ടിൽ പൊലീസ് ജാഗ്രത പാലിക്കുമ്പോഴും കവർച്ചകൾ തുടരുന്നത് ഭീതി വർധിപ്പിക്കുന്നു.
അപരിചിതരായ ആളുകളെ കണ്ടാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തും തൃക്കരിപ്പൂരിലും വീടുകുത്തിത്തുറന്ന് സ്വർണവും പണവും കവർന്നിരുന്നു. ഒരുമാസത്തിനിടെ മാത്രം പത്തിലധികം മോഷണ കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം അമ്പലത്തറ പാറപ്പള്ളിയിലും ബേക്കൽ കോട്ടിക്കുളത്തും വീടുകൾ കുത്തിത്തുറന്ന് കവർച്ച നടന്നു. രണ്ടിടത്തുനിന്നും കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ടി.ബി. റോഡിൽ വേങ്ങച്ചേരി കോംപ്ലക്സിന് പിറകുവശത്തെ വീട്ടിൽനിന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർന്നത് കഴിഞ്ഞയാഴ്ചയാണ്.
ബസിലെ മാലകവർച്ച; സി.സി.ടി.വി ദൃശ്യം ലഭിച്ചു
കാഞ്ഞങ്ങാട്: വ്യാഴാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട്ട് ബസിൽനിന്ന് യാത്രക്കാരിയുടെ ആറരപ്പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതികളുടെതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. പയ്യന്നൂർ മാവിച്ചേരിയിലെ എം.വി. പ്രസാദിന്റെ ഭാര്യ എം.കെ. ഉദയമ്മയുടെ (33) ബാഗിൽനിന്ന് ആഭരണം കവർന്ന സംഘത്തിന്റെ ദൃശ്യമാണ് ലഭിച്ചത്. പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്ടെത്തിയ വൈശാലി ബസിലായിരുന്നു കവർച്ച. ഹാൻഡ്ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നരലക്ഷം രൂപ വിലവരുന്ന രണ്ടു മാലകളാണ് മോഷണം പോയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന കിട്ടി. യുവതി യാത്രചെയ്ത വൈശാലി ബസിലെ സി.സി.ടി.വി കാമറയിൽ കവർച്ച നടത്തുന്നതിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. യുവതിയുടെ ബാഗിൽനിന്ന് ആഭരണം കവരുന്നതായാണ് വ്യക്തമാകുന്നത്. ബസിലുണ്ടായിരുന്ന മൂന്ന് നാടോടി സ്ത്രീകളിൽപെട്ടവരാണ് കവർച്ചക്ക് പിന്നിൽ. ഇവർ കാഞ്ഞങ്ങാട്ട് ബസിറങ്ങി സ്ഥലംവിടുകയായിരുന്നു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലുള്ള സി.സി.ടി.വി കാമറകളും പരിശോധിച്ചുവരികയാണ്.
പാറപ്പള്ളിയിലും കോട്ടിക്കുളത്തും വീടുകളിൽ കവർച്ച
കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിൽ കവർച്ച. കാട്ടിപ്പാറയിൽ ടി.എം. അബ്ദുൽ റഹിമാന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച 30,000 രൂപ മോഷണം പോയി. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കെ.വി. ബാലകൃഷ്ണന്റെ കോട്ടിക്കുളം മുതിയക്കാലിലെ വീട്ടിലും കവർച്ച നടന്നു. അടുക്കള വാതിൽ കുത്തിത്തുറന്ന് കാൽലക്ഷം രൂപ കവർന്നു. കിടപ്പുമുറിയിൽനിന്നാണ് പണം കവർന്നത്. ബേക്കൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.