അടിക്കടി കവർച്ച; ആശങ്കയിലായി നാട്
text_fieldsകാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്കിൽ വിവിധ ഭാഗങ്ങളിൽ അടിക്കടിയുണ്ടാകുന്ന കവർച്ചകളിൽ നാട്ടുകാരിൽ ആശങ്ക പരന്നു. പള്ളിക്കര പൂച്ചക്കാട് ഇന്നലെ പുലർച്ച വീട്ടുകാരെ മയക്കിക്കിടത്തി 30 പവൻ സ്വർണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നതാണ് ഒടുവിലത്തേത്. കല്ലൂരാവി കെ.എച്ച്. അലിയുടെ വീട് കുത്തിത്തുറന്ന് 40 പവൻ ആഭരണം കവർന്നത് കഴിഞ്ഞ മാസമാണ്. കല്ലൂരാവിയിലെ പാൽ വിതരണ തൊഴിലാളി വിനുവിന്റെ വീട്ടിൽനിന്നും ഏഴു പവനും 5000 രൂപയും മോഷണം നടന്നത് ആഴ്ചകൾക്ക് മുമ്പും. തൊട്ടടുത്ത മൂവാരിക്കുണ്ടിലെ റസാഖിന്റെ വീട്ടിൽ കയറി മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച കാൽ ലക്ഷം രൂപ കവർന്നു. ഇതും കഴിഞ്ഞയാഴ്ചയാണ്.
പടന്നക്കാട്ടെ വീട്ടിൽ കയറിയ മോഷ്ടാക്കൾ ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. കല്യാൺ റോഡിലും കൊളവയലിലും ഹോസ്ദുർഗിലെ അഭിഭാഷകന്റെ വീട്ടിൽ നടന്ന കവർച്ചയിലും തുമ്പില്ല. കോളിച്ചാലിൽ കഴിഞ്ഞ ദിവസം, അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയുടെ ആഭരണവും 30000 രൂപയും മോഷണം പോയി. കഴിഞ്ഞയാഴ്ച മൂന്ന് സ്കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മോഷണമുണ്ടായി. ഇരുനില വീടുകളിൽ നടക്കുന്ന വലിയ കവർച്ചകൾക്ക് സമാനതകൾ ഏറെ. മുകൾനിലയിൽ കയറിപ്പറ്റി വാതിൽ തുറന്നാണ് ഇരുനില വീടുകളിൽ കവർച്ച നടക്കുന്നത്. വീടുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെ അറിവില്ലാതെ ഇത്തരം വീടുകളിൽ കവർച്ചകൾ നടക്കില്ലെന്ന് പൊലീസ് ഉറപ്പാക്കുമ്പോഴും പ്രതികൾ പിടിക്കപ്പെടുന്നില്ല.
കഞ്ചാവ്, മയക്കുമരുന്നുകൾക്കുവേണ്ടി പണം കണ്ടെത്താൻ കവർച്ചകൾ നടക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഏതുനേരത്തും പൊലീസ് പട്രോളിങ്ങുണ്ടെങ്കിലും സ്ഥിരം ലിസ്റ്റിലുള്ള പ്രതികളല്ല ഇപ്പോൾ നടക്കുന്ന കവർച്ചകൾക്ക് പിന്നിലെന്നതിനാൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ പോകുന്നു. തുടർച്ചയായ കവർച്ചകളിൽ നാട്ടുകാർ കടുത്ത ആശങ്കയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.