പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം
text_fieldsകാഞ്ഞങ്ങാട്: പ്രകൃതിമനോഹരമായ പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അരയിപ്പുഴയിൽനിന്ന് 750 മീറ്ററോളം അകത്തേക്കുള്ള ആലൈയിൽ ജലാശയത്തിൽ പെഡൽ ബോട്ടും കയാക്കിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാൽ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ഇത് മാറും. അപൂർവയിനം പക്ഷികളുടെ വിഹാരകേന്ദ്രമാണ് ഈ പരിസരം.
മടിക്കൈ പഞ്ചായത്ത് പതിനാലാം വാർഡിലുള്ള പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഗൗരവപൂർവം ആലോചന നടത്തിയിരുന്നു. സമീപത്തെ സ്ഥലങ്ങളും ലീസിനെടുത്ത് പഴയങ്ങാടി വയലപ്ര പാർക്ക് മോഡലിൽ 18 കോടി ചെലവിൽ കണ്ണഞ്ചിപ്പിക്കുന്ന കേന്ദ്രമാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. മുളയും കയറും ഉപയോഗിച്ച് മത്സ്യം വേവിച്ചുനൽകാനുള്ള ഭക്ഷണശാലയും ഒരുക്കിയാൽ സഞ്ചാരികളും ഇഷ്ടപ്പെടും.
പുഴയുടെ മധ്യത്തിലൂടെ നടന്നുവരാനുള്ള സൗകര്യവും വേണം. സംസ്ഥാന സർക്കാറിന്‍റെ ഫണ്ടും ലോക ബാങ്ക് സഹായവും പ്രവാസിനിക്ഷേപവും തേടിയാൽ പദ്ധതി യാഥാർഥ്യമാക്കാം. ഇതോടനുബന്ധിച്ച് ആലൈ മുതൽ റോഡ് മെക്കാഡം ചെയ്യണം. ജില്ല ആശുപത്രിക്ക് മുന്നിൽനിന്നുള്ള റോഡും നവീകരിക്കാം. ഇതോടൊപ്പം ഫാം ടൂറിസത്തിനും വഴിതെളിയും. ബ്ലോക്ക് പഞ്ചായത്ത് ഡി.പി.ആർ തയാറാക്കാൻ നേരത്തെ സി.എ.കെ ഗ്രൂപ്പിനെ ഏൽപിച്ചിരുന്നു.
ബംഗളൂരുവിലെ പ്ലാനക്സ് ബിൽഡെക്സ് ആൻഡ് ഡെവലപേഴ്സുമായി സഹകരിച്ച് തയാറാക്കിയ റിപ്പോർട്ട് പദ്ധതിയുടെ സാധ്യതകൾ വ്യക്തമാക്കുന്നുണ്ട്. സി. പ്രഭാകരൻ മടിക്കൈഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലത്താണ് ഈ സ്വപ്നത്തിന് ചിറക് മുളച്ചത്. ഗ്രാമപഞ്ചായത്ത് ഭരണസമിതി ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ ടൂറിസം മേഖലക്ക് പ്രാധാന്യം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.