ഡ്രോൺ ഉപയോഗിച്ച് പൊലീസ് തെരഞ്ഞിട്ടും ഫലമുണ്ടായില്ല; ഒടുവിൽ കള്ളൻ അശോകൻ കൊച്ചിയിൽ കുടുങ്ങി
text_fieldsകാഞ്ഞങ്ങാട്: നിരവധി കേസുകളിൽ പ്രതിയായ മോഷ്ടാവ് കറുകവളപ്പിലെ അശോകൻ കൊച്ചിയിൽ കുടുങ്ങി. തോട്ടിനാട്ടെ ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് മറൈൻ ഡ്രൈവിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പ്രതിയെ പൊക്കിയത്. ടൂർ പോയി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ യാദൃച്ഛികമായി രണ്ടു പേർ ഇവരുടെ കണ്ണിലുടക്കി. പെട്ടെന്ന് ഇവർ ഫോട്ടോയെടുത്ത് നാട്ടിലേക്കയച്ചു.
ഇതിനിടെ നടന്നുനീങ്ങിയ അശോകനും കൂട്ടാളിക്കും പിന്നാലെ ഇവരും കൂടി. രണ്ടുപേരും ഒരു മൊബൈൽ കടയിൽ കയറി ഒരു മൊബൈൽ വിറ്റു. ഇതിനിടെ, ഫോട്ടോ അശോകനെന്ന് സ്ഥിരീകരിച്ച് സന്ദേശമെത്തി. ചെറുപ്പക്കാർ പൊലീസിനെ വിവരമറിയിച്ചതോടെ മൊബൈൽ കടക്കാരനെക്കൊണ്ട് തിരികെ വിളിപ്പിച്ചു. കൂട്ടാളി അകത്ത് കയറിയെങ്കിലും അശോകൻ റോഡരികിൽ കാത്തുനിന്നു. മഫ്ടിയിൽ പൊലീസ് വന്നതോടെ ചെറുപ്പക്കാർ അശോകനെ കാണിച്ചുകൊടുത്തു. ഇതോടെ മൂന്നുമാസം നീണ്ട, പൊലീസിന്റെ നഷ്ടപ്പെട്ട മാനം മടിക്കൈയിലെ ചെറുപ്പക്കാരുടെ ഇടപെടലിൽ തിരിച്ചുകിട്ടി. തുടർനടപടികൾ വേഗത്തിലാക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി അറിയിച്ചു.
ആഹ്ലാദത്തിൽ മടിക്കൈ ഗ്രാമം
മടിക്കൈ എന്ന ഗ്രാമത്തെയാകെ ഭീതിയിലാക്കി കൊള്ളയടിക്കുന്ന അശോകനെ തേടി ഒരു ഗ്രാമമൊന്നാകെ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കോടോം ബേളൂർ പഞ്ചായത്ത് പരിധിവരെ വ്യാപിച്ചുകിടക്കുന്ന 500 ഏക്കറോളം പാറപ്പുറത്താണ് മാസങ്ങളായി പൊലീസും നാട്ടുകാരും പരിശോധന നടത്തിയത്. അവസാനം ഡ്രോൺ ഉപയോഗിച്ച് പല ഭാഗത്തുനിന്നും ആകാശ നിരീക്ഷണം നടത്തിയിട്ടും കറുകവളപ്പിലെ അശോകൻ പതിയിരിക്കുന്ന ഭാഗം മാത്രം കണ്ടെത്താൻ സാധിച്ചില്ല. പെരളത്തെ പാറപ്രദേശത്ത് ചിതറിക്കിടക്കുന്ന രണ്ട് മീറ്ററിൽ താഴെ മാത്രം ഉയരമുള്ള കാടാണ് ഭൂമിശാസ്ത്രം. വലിയ കല്ലുകൾക്കിടയിലെ വിള്ളലുകളുമുണ്ട്. ഇതിനിടയിൽതന്നെ കള്ളൻ പതുങ്ങിയിട്ടുണ്ടാകാമെന്നായിരുന്നു നാട്ടുകാരുടെ നിഗമനം.
ആക്രമിച്ച വിജിതയുടെ വീട്ടിൽനിന്നും ചോറും പഴവും ബേക്കറി ഉൽപന്നങ്ങളും കുടിവെള്ളവുമെല്ലാം ശേഖരിച്ചാണ് ഇയാൾ അവസാനമായി മടങ്ങിയത്. ഇതോടെ ഇനി കുറച്ചുദിവസത്തേക്ക് നാട്ടിലിറങ്ങാതെ സുരക്ഷിതമാകാൻ ഇയാൾക്ക് കഴിഞ്ഞു. തീവെയിലിൽ പാറപ്രദേശത്ത് പൊലീസും നാട്ടുകാരും വിയർത്തൊലിച്ച് നടന്നതല്ലാതെ ഇയാളുടെ പൊടിപോലും കണ്ടെത്താൻ അന്ന് സാധിച്ചില്ല. ചില പ്രദേശത്ത് ഇയാളെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഊഹാപോഹം മാത്രമാണോയെന്ന് സംശയമുണ്ട്. സ്ഥലത്തെ മൂന്നോളം പേരെ വകവരുത്തുമെന്ന് ഇയാൾ പറഞ്ഞതും നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുകയുണ്ടായി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇരുപതിലേറെ പൊലീസുകാർ വീതം മൂന്ന് ടീമുകളായി മാസങ്ങൾ നീണ്ട പരിശോധനയാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.