സി.സി.ടി.വി കാമറയിൽ റോഡ് മുറിച്ച് കടക്കുന്ന ‘പുലി’; നാട്ടുകാർ ഭീതിയിൽ
text_fieldsകാഞ്ഞങ്ങാട്: പള്ളിക്കര തൊട്ടിയിൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്ത് പുലിയുടെ സാദൃശ്യമുള്ള മൃഗം റോഡ് മുറിച്ചു കിടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. വെള്ളിയാഴ്ച രാത്രി വൈകിയാണ് മൃഗം റോഡ് മുറിച്ചു നടക്കുന്ന ദൃശ്യം തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞത്. ഇതോടെ തൊട്ടിഭാഗത്തെ ജനങ്ങൾ ഭീതിയിലായി.
രാത്രിയിൽ നാട്ടുകാർ വിവരം വനപാലകരെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫിസർ എ.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് അന്വേഷണം നടത്തി. പുലിയുടെ കാൽപ്പാടുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സി.സി.ടി.വി കാമറ ദൃശ്യം വനപാലകർ പരിശോധിച്ചു. കാമറ ദൃശ്യത്തിൽ പുലിയുടേതിന് സാദൃശ്യമായ ഉയരമില്ലെന്നും കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നും വനപാലകർ പറഞ്ഞു.
ദൃശ്യത്തിൽ കാട്ടുപൂച്ചയെക്കാൾ വലിയ ഉയരമുള്ള മൃഗത്തിന്റെ ദൃശ്യമാണ് കണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്. തൊട്ടിയിലെയും പരിസരങ്ങളിലെയും റോഡുവക്കുകളും സമീപത്തെ പറമ്പുകൾ ഉൾപ്പെടെ വനപാലകർ വിശദമായ പരിശോധന നടത്തി. കാൽപ്പാടുകളോ മറ്റ് അടയാളങ്ങളും പുലിയുടേതായി കണ്ടെത്താൻ ആയിട്ടില്ല. വീട്ടുവളപ്പിലെ മതിലിനോട് ചേർന്നുനിന്ന മൃഗം മറ്റൊരു പറമ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്ന സി.സി.ടി.വി ദൃശ്യമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.