പരപ്പയിൽ പുലിഭീതി
text_fieldsകാഞ്ഞങ്ങാട്: പുലിഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് ആടിനെ കടിച്ചു കൊന്നനിലയിൽ കണ്ടെത്തി. പുലി പിടിച്ചതാണെന്ന സംശയത്തിൽ നാട്ടുകാർ ആശങ്കയിലായി. പരപ്പ വീട്ടിയൊടിയിലെ വേണുവിന്റെ ആടിനെയാണ് ശനിയാഴ്ച രാത്രി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്. മേയാൻവിട്ട ആടിനെ പറമ്പിൽ കൊന്നിട്ടനിലയിൽ കാണുകയായിരുന്നു. മരുതോം ഫോറസ്റ്റ് സെക്ഷൻ ഓഫിസിൽനിന്ന് വനപാലകർ രാത്രിയിലും ഞായറാഴ്ച രാവിലെയും സ്ഥലത്തെത്തി.
തൊട്ടടുത്ത മാലോം വനത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും പുലിയെന്ന് ഉറപ്പാക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. ആടിന്റെ ജഡം സ്ഥലത്തുവെച്ചുതന്നെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. ഇതിന്റെ റിപ്പോർട്ട് കിട്ടിയാലേ ഏത് ജീവിയാണ് കൊന്നതെന്ന് വ്യക്തമാകൂ. പുലിയുടെ കാൽപാടുൾപ്പെടെ കാണാത്ത സാഹചര്യത്തിൽ കാട്ടുപൂച്ചയാകാമെന്ന നിഗമനമാണ് വനപാലകർക്കുള്ളത്.
ദിവസങ്ങൾക്കു മുമ്പ് തൊട്ടടുത്ത പ്രദേശമായ മാളൂർകയം, മുണ്ടത്തടം ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. അന്ന് വനപാലകർ വ്യാപക തിരച്ചിൽ നടത്തിയ ശേഷം, പുലിയല്ല കാട്ടുപൂച്ചയാണെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം മാവുങ്കാലിന് സമീപം കല്യാൺ റോഡ് ഭാഗത്തും പുലിയെ കണ്ടതായി ബൈക്ക് യാത്രികർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.